മലയാളികള്‍ക്കായി ലോക കേരള സഭ; ആദ്യ സമ്മേളനം ജനുവരിയില്‍

0
42

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭ എന്നൊരു സംരംഭത്തിന് രൂപം നല്‍കുകയാണെന്നും മുന്‍മാതൃകകളില്ലാത്ത ഒരു സംരംഭമായ ലോക കേരളസഭയുടെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.

സംസ്ഥാനത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കടന്ന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോകത്താകെത്തന്നെയും കേരളം വളരുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞ ഒരു സംസ്‌കാരമായി നമ്മുടെ കേരളീയത ഇന്നു വളര്‍ന്നുനില്‍ക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി അറിയിച്ചു. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ കഴിയണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാവും. അങ്ങനെ ഒരു ബൃഹദ് കേരളം രൂപപ്പെടുകയും കേരളത്തിന്റെ വികസനത്തിന് പുതിയ ഊര്‍ജം അത് പ്രധാനം ചെയ്യുകയും ചെയ്യും.

ലോക കേരളസഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ പൌരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ലോക കേരളസഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും.

ലോക കേരളസഭയിലെ സഭാനേതാവ് കേരള മുഖ്യമന്ത്രിയും ഉപനേതാവ് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരിക്കും. കേരളത്തിലെ ചീഫ് സെക്രട്ടറിയായിരിക്കും സഭയുടെ സെക്രട്ടറി ജനറല്‍. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. പാര്‍ലമെന്റ്, നിയമസഭാ, ഇതര സംസ്ഥാനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രാതിനിധ്യം നല്‍കുന്ന വിധത്തിലായിരിക്കും പ്രസീഡിയത്തിന്റെ ഘടന. മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെപ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കും അധ്യക്ഷന്‍. കേരളം കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ കേരളീയരുടേതുമാണെന്ന ബോധ്യം സാക്ഷാല്‍കരിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുള്ള സംവിധാനമാവും ലോക കേരളസഭ.

http://lokakeralasabha.comഎന്ന വെബ്‌സൈറ്റ്,http://www.facebook.com/lokakeralasabha./എന്ന ഫെയ്‌സ്ബുക്ക് പേജ്,http://twitter.com/lokakeralasabha എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ എന്നിവയിലൂടെ ലോകകേരള സഭയുടെ വിവരങ്ങള്‍ ലഭ്യമാവും