വീരേന്ദ്രകുമാറിനെതിരെ ജെഡിയുവില്‍ അമര്‍ഷം; നേതൃയോഗം വിളിച്ചിട്ട് അഞ്ച് മാസം

0
62

എം.മനോജ്‌ കുമാര്‍
തിരുവനന്തപുരം: ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ സംസ്ഥാന നേതാക്കളോട് ആലോചിക്കുകയോ ചെയ്യാതെ വീരന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നതിലാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.

അഞ്ചു മാസത്തിലേറെയായി ജെഡിയു സംസ്ഥാന കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തിട്ട്. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നു പോകുന്നത്. ദേശീയ തലത്തില്‍ ജെഡിയു രണ്ടു പാര്‍ട്ടിയായി മാറിയിട്ടുണ്ട്. പിളര്‍പ്പില്‍ ശരദ് യാദവ് നേതൃത്വം നല്കുന്ന ജെഡിയുവുമായി ചേര്‍ന്ന് നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും തീരുമാനം.

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പ് ഉപയോഗിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിനു അനുമതി നല്‍കിയതോടെ ഫലത്തില്‍ ശരദ് യാദവ് നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെ നിലനില്‍പ്പ്‌ പരുങ്ങലിലാണ്.

വീരേന്ദ്രകുമാര്‍ ആണെങ്കില്‍ ശരദ് യാദവിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അപ്പോള്‍ കേരളത്തിലെ ഘടകത്തിനു ഈ കാര്യങ്ങളില്‍ പാര്‍ട്ടി തല തീരുമാനങ്ങള്‍ എടുക്കേണ്ടതായിട്ടുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച വരേണ്ടതുണ്ട്. പക്ഷെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ചേരാതെ, നേതൃയോഗം ചേരാതെ എങ്ങിനെ നിലപാടുകള്‍ സ്വീകരിക്കും. പാര്‍ട്ടി സംസ്ഥാന നേതൃയോഗം കൂടാതെ വീരേന്ദ്രകുമാര്‍ സ്വന്തം തീരുമാനം പ്രഖ്യാപിക്കുന്നതാണ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നത്.

സോഷ്യലിസ്റ്റ് ജനത പിരിച്ചു വിട്ടത് വലിയ തെറ്റായിപ്പോയെന്നു വീരേന്ദ്രകുമാര്‍ പരസ്യമായി വിലപിക്കുന്നു. എംപി സ്ഥാനം രാജിവയ്ക്കും എന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിക്കുന്നു. പാര്‍ട്ടി ജനതാദള്‍ എസില്‍ ലയിച്ച് ഇടതുമുന്നണിയുടെ ഭാഗമാകും എന്ന് സൂചന നല്‍കുന്നു. ഒപ്പം യുഡിഎഫ് വിടുന്നില്ല എന്നും തീരുമാനം എടുക്കുന്നു. യുഡിഎഫ് വിടാതെ എങ്ങിനെ ഇടതുമുന്നണിയുടെ ഭാഗമാകും എന്ന ലളിതമായ ചോദ്യത്തിനു പോലും ഉത്തരം നല്‍കാതെയാണ് വീരേന്ദ്രകുമാര്‍ മുന്നോട്ട് പോകുന്നത്

ഈ കഴിഞ്ഞ ദിവസത്തെ വീരേന്ദ്രകുമാറിന്റെ വാര്‍ത്താസമ്മേളനത്തോടെ പാര്‍ട്ടി നേതൃയോഗം വിളിക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ജെഡിയു ഒരു പിളര്‍പ്പിന്റെ വക്കത്താണ്.

ജെഡിയു ദേശീയതലത്തില്‍ പിളര്‍പ്പ് നേരിട്ടപ്പോള്‍ നിലവിലെ എംപി സ്ഥാനം നിലനിര്‍ത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോപ്പം നിലയുറപ്പിക്കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനമെടുത്തിരുന്നു. തീരുമാനത്തിനെതിരെ ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് നിലയുറപ്പിച്ചപ്പോള്‍ പിളര്‍പ്പ് മുന്നില്‍ കണ്ടു വീരേന്ദ്രകുമാര്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.

ഇപ്പോള്‍ ജനതാദള്‍ എസില്‍ ലയിക്കാനുള്ള വീരന്റെ തീരുമാനം വന്നാലും പാര്‍ട്ടി പിളരും. കാരണം കെ.പി.മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നീ നേതാക്കള്‍ യുഡിഎഫില്‍ തന്നെ നിന്ന് മറ്റൊരു പാര്‍ട്ടിയുണ്ടാക്കും. അപ്പോള്‍ ജെഡിയു പിളരും. ആശയക്കുഴപ്പം ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃയോഗം വിളിക്കാനാണ് ജെഡിയു കേരളാ നേതാക്കള്‍ ആലോചിക്കുന്നത്.

പാര്‍ട്ടി നേതൃയോഗം അടുത്തു തന്നെ വിളിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.  ഉതകണ്ഠാകുലമായ സാഹചര്യത്തിലൂടെയാണ് നിലവില്‍ ജെഡിയു കടന്നുപോകുന്നത്. അനിശ്ചിതത്വം പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണെന്നാണ് പാര്‍ട്ടിക്കകത്ത് നിന്നും വരുന്ന സൂചനകള്‍.