ഓഖി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പതിനാറായി

0
59

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അതേസമയം സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ ഇന്നും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് പുറപ്പെട്ടു. രണ്ട് ബോട്ടുകളിലായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്.

കേരളാ തീരത്ത് കടലാക്രമണം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്ന്
വൈകുന്നേരം വരെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ആന്‍ഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് കാറ്റ് ഇപ്പോള്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടിയുണ്ട്.

126 പേരാണ് കടലില്‍ നിന്ന് ഇനിയും മടങ്ങിയെത്താനുള്ളതെന്നാണ് വിവരം. ശനിയാഴ്ച മാത്രം കേരളത്തില്‍ 8 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ രണ്ടു പേര്‍കൂടി മരിച്ചു. തിരുനെല്‍വേലി ജില്ലയിലാണ് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീരരക്ഷാ സേനയും നാവിക സേനയും നടത്തുന്ന തിരച്ചിലില്‍ 15 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം നിലനില്‍ക്കേ, മരിച്ചവരുടെയും തിരിച്ചെത്താനുള്ളവരുടെയും കണക്കു പോലും തിട്ടപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തു മാത്രം 110 പേരെ കാണാതായിട്ടുണ്ടെന്നാണു ലത്തീന്‍ അതിരൂപതയുടെ കണക്ക്.

തിരുവനന്തപുരത്ത് കരയ്‌ക്കെത്തിച്ച അഞ്ചുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരില്‍ ആയിക്കര കടപ്പുറത്തു ഹൈമാസ്റ്റ് വിളക്കിന്റെ ഭാഗം കാറ്റില്‍ പൊട്ടിവീണു മത്സ്യത്തൊഴിലാളി തയ്യില്‍ സ്വദേശി പവിത്രന്‍ (55), എറണാകുളം ജില്ലയിലെ ചെല്ലാനത്തു കടല്‍ ഇരച്ചുകയറിയുണ്ടായ വെള്ളക്കുഴിയില്‍ വീണ ജോസഫ് റെക്സന്‍ (40), കൊല്ലം തെന്മലയില്‍ കഴിഞ്ഞദിവസത്തെ കാറ്റില്‍ മരം വീണു ചികില്‍സയിലായിരുന്ന രാജീവ് (40) എന്നിവര്‍ ഇന്നലെ മരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഏഴു മൃതദേഹങ്ങളില്‍ ഒന്ന് തൂത്തുക്കുടി സ്വദേശി ജൂഡ് (42) ആണെന്നു തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ ആരെന്നറിയാന്‍ ചിത്രങ്ങളുമായി പൊലീസ് തീരമേഖലയിലെ കുടുംബങ്ങളിലെത്തും.

അതിനിടെ കേരളത്തില്‍നിന്നുള്ള 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ടു ബോട്ടുകളും മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് തീരത്തെത്തി. ബോട്ടുകളിലെ 952 മല്‍സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. കേരളതീരത്തുനിന്നുള്ള 10 മല്‍സ്യബന്ധനബോട്ടുകള്‍ ചുഴലിക്കാറ്റില്‍ വഴിതെറ്റി ലക്ഷദ്വീപിലെ കല്‍പ്പേനി ദ്വീപിലെത്തി. ബോട്ടിലുണ്ടായിരുന്ന 120 മല്‍സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്. ഇവരെ ക്യാംപുകളിലേക്കുമാറ്റി.

ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക ലഭിക്കും. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്കു ധനസഹായം നല്‍കും. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുക.