ഓഖി: തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

0
85

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ രാത്രി രൂക്ഷമായ കടലാക്രമണം. ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റോഡുകള്‍ വെള്ളത്തിലായി. കൂറ്റന്‍ തിരകള്‍ തീരത്തേയ്ക്ക് അടിച്ചുകയറിയതിനെത്തുടര്‍ന്നാണിത്. ഇതിനിടെ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിറ്റും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ തയ്യില്‍, പയ്യാമ്പലം, കക്കാടന്‍ചാല്‍, നീരൊഴുക്കുംചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ബേപ്പൂര്‍, പൊയില്‍ക്കാവ്, വടകര, ഭട്ട് റോഡ് മേഖലകളില്‍ വന്‍ തിരമാലകളുണ്ടായി. വടകര ചേറോട് പള്ളിത്താഴ ഭാഗത്ത് 36 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ചില്‍ 200 മീറ്ററോളം കടല്‍ കയറി. കാര വാക കടപ്പുറം മുതല്‍ പേ ബസാര്‍ വരെ കടല്‍ കരയിലേയ്ക്ക് കയറി. മലപ്പുറം ജില്ലയില്‍ വള്ളിക്കുന്ന്, അരിയല്ലൂര്‍, താനൂര്‍, പൊന്നാനി, പാലപ്പെട്ടി മേഖലയിലും കടലാക്രമണം ഉണ്ടായി. കൊല്ലത്ത് സ്രായിക്കാട്, ചെറിയഴീക്കല്‍ പ്രദേശത്ത് അര കിലോമീറ്ററോളം കടല്‍ കരയിലേക്കു കയറി. അഴീക്കല്‍, ആലപ്പാട് പ്രദേശത്തു ശക്തമായ കാറ്റും തിരയിളക്കവും അനുഭവപ്പെട്ടു.

ആലപ്പുഴ ജില്ലയില്‍ തൃക്കുന്നപ്പുഴ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്തു കടലേറ്റം രൂക്ഷമായി.