മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളി പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു

0
69

തിരുവനന്തപുരം; ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ മൽസ്യത്തൊഴിലാളി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ച് മൽസ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.

പൊലീസ് കനത്ത വലയം തീർത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. പ്രതിഷേധം കാരണം മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തിൽ കയറാനായില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി പോയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.

മല്‍സ്യത്തൊഴിലാഴികളുടെ ഉത്കണ്ഠയ്ക്കൊപ്പം സര്‍ക്കാരുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്ര വലിയ ദുരന്തം ആദ്യമാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. മല്‍സ്യത്തൊഴിലാളികളെക്കൂടി സഹകരിപ്പിച്ചു ശ്രമം വിജയിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയിൽ വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടത്. സ്ത്രീകളടക്കമുള്ള ദുരന്തബാധിതർ അലറിനിലവിളച്ചാണ് മുഖ്യമന്ത്രിയോട് സങ്കടം പറഞ്ഞത്. അതേസമയം, പൂന്തുറ സന്ദര്‍ശനം മുഖ്യമന്ത്രി റദ്ദ് ചെയ്തു.