വെല്ലിങ്ടണ്‍: ന്യൂസീലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 386 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ അവര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് 172 റണ്‍സ് കൂടി വേണം. 79 റണ്‍സുമായി ക്രെയ്ഗ് ബ്രാത് വെയ്റ്റും 21 റണ്‍സുമായി ഷായ് ഹോപ്പുമാണ് ക്രീസില്‍. കീരണ്‍ പവല്‍(40), ഹെറ്റ്മയര്‍(66) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ന്യൂസീലന്റിന് വേണ്ടി മാറ്റ് ഹെന് റിയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
നേരത്തെ ന്യൂസീലന്റ് ഒന്നാമിന്നിങ്സ് ഒമ്പതിന് 520 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വാലറ്റത്ത് ബ്ലന്‍ഡല്‍ നേടിയ സെഞ്ച്വറിയാണ് അവര്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ബ്ലന്‍ഡല്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കെമര്‍ റോച്ച് മൂന്നും മിഗ്വേല്‍ കമ്മിന്‍സ്, റോസ്റ്റണ്‍ ചേസ് രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.