സംസ്ഥാനത്ത് 2016ല്‍ കാണാതായത് 145 പെണ്‍കുട്ടികളെയെന്ന് റിപ്പോര്‍ട്ട്

0
43

ന്യൂഡല്‍ഹി: കേരളത്തില്‍ കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെക്കാള്‍ എട്ടിരിട്ടി കൂടുതലെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി.) കണക്കുകള്‍ പ്രകാരം 2016-ല്‍ 145 പെണ്‍കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. 12നും 18നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളാണ് കാണാതാകുന്നതില്‍ കൂടുതല്‍. 18 ആണ്‍കുട്ടികളെയും കഴിഞ്ഞ വര്‍ഷം കാണാതായി.

കാണാതാവുന്ന മുതിര്‍ന്നവരില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടുതല്‍. 18നും 60നും ഇടയില്‍ പ്രായമുള്ള 61 പുരുഷന്‍മാരെയും 28 സ്ത്രീകളെയും കഴിഞ്ഞവര്‍ഷം കാണാതായി. ആകെ 252 കാണാതാകല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 173 പേര്‍ സ്ത്രീകളും 79 പേര്‍ പുരുഷന്‍മാരുമാണ്. 2015-ല്‍ 271 പേരെയും 2014-ല്‍ 222 പേരെയും കാണായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശീയതലത്തിലും ആണ്‍കുട്ടികളെക്കാള്‍ രണ്ടിരിട്ടി കൂടുതലാണ് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. രാജ്യത്ത് ഇതുവരെ മൂന്നുലക്ഷത്തോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 89,875 പേരെ കാണാതായി. ഇതില്‍ 74 ശതമാനവും സ്ത്രീകളാണ്. കാണാതാകുന്നവരുടെ കണക്കുവിവരങ്ങള്‍ ഇതാദ്യമായാണ് എന്‍.സി.ആര്‍.ബി. പ്രസിദ്ധീകരിക്കുന്നത്.