‘ഓഖി’ യില്‍ അകപ്പെട്ട 40 ബോട്ടുകള്‍ ഗുജറാത്തിലെ വെരാവല്‍ തീരത്ത് എത്തിയതായി തീരസംരക്ഷണ സേന

0
55

അഹമ്മദാബാദ്; ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ കുടുങ്ങിയ ബോട്ടുകളില്‍ 40 എണ്ണം ഗുജറാത്തിലെ വെരാവല്‍ തീരത്ത് എത്തിയതായി തീരസംരക്ഷണ സേന.

തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇതിലുള്ളതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്‌നാട്ടിലെ 2 ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഈ ബോട്ടുകളിലെ 952 മത്സ്യത്തൊഴിലാളികളെ കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ചുഴലിക്കാറ്റില്‍ അകപ്പെട്ട നൂറോളം മത്സ്യത്തൊഴിലാളികള്‍ കൊച്ചി തീരത്ത് സുരക്ഷിതമായി എത്തി. 25ഓളം പേരെ നാവികസേനയും കോസ്റ്റല്‍ഗാര്‍ഡുമാണ് രക്ഷപ്പെടുത്തിയത്.കടല്‍ ശാന്തമായതോടെ വിവിധ ബോട്ടുകളിലായി മത്സ്യത്തൊഴിലാളികള്‍ ഉള്‍കടലില്‍ നിന്നും തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 32 പേര്‍ ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ട്. ഓഖ എത്തും മുന്പേ ഉപജീവനത്തിനായി മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയി കുടുങ്ങിയവരാണ് കൊച്ചിയുടെ തീരത്തെത്തിയത്.

തിരുവനന്തപുരം പൊഴിയൂര്‍, വിഴിഞ്ഞം, ചേവര, വലിയതുറ സ്വദേശികളായ 11 മത്സ്യത്തൊഴിലാളികള്‍ ഉച്ചയോടെ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഐഎന്‍എസ് കല്‍പ്പേനി കപ്പലില്‍ വന്നിറങ്ങി. ഇവരോടൊപ്പമുണ്ടായിരുന്നു രാജു, നിക്കോളാസ് എന്നിവരെ കാണാതായി. പുറംകടലില്‍ തമിഴ്നാട് സ്വദേശികളായ ഒന്‍പതു പേരടങ്ങുന്ന മറ്റൊരു ബോട്ടും നാവികസേന രക്ഷപ്പെടുത്തി.