മലിനീകരണം: ശ്രീലങ്കന്‍ താരങ്ങള്‍ ഇറങ്ങിയത് ‘മുഖംമൂടി’ ധരിച്ച്

0
35

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ മുഖംമൂടി അണിഞ്ഞ് മൈതാനത്ത്! അത്യന്തം കൗതുകമുള്ള ഈ കാഴ്ച അരങ്ങേറിയത് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍. ശ്രീലങ്കന്‍ താരങ്ങള്‍ക്കാണ് പുകമഞ്ഞ് കാരണം ഈ ഗതികേടുണ്ടായത്.

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ് നടക്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുകമഞ്ഞ് മൂലം ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രീലങ്കന്‍ താരങ്ങള്‍ ഛര്‍ദ്ദിക്കുകയും ചിലര്‍ മൈതാനം വിട്ട് പോവുകയും ചെയ്തു. ഇതോടെ പകരമിറങ്ങാന്‍ കളിക്കാരില്ലാതായതോടെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചന്ദീമല്‍ അംപയറെ സമീപിച്ചു. ഇതിനേത്തുടര്‍ന്ന് 26 മിനിറ്റോളം കളി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്കന്‍ താരങ്ങളോട് കരുണ കാട്ടി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സാണ് ഇന്ത്യയെടുത്തത്.

ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ നിരക്ക് ഇന്നലെ കൂടുതലായിരുന്നുവെന്നും ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്ററുകളുടെ അളവില്‍ വര്‍ദ്ധനവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.