0
423

“സെക്സി ദുര്‍ഗയെ ഐഎഫ്എഫ്കെ ഒതുക്കിയിട്ടില്ല”

വി.കെ.ജോസഫ്/ലക്ഷ്മി

ഐഎഫ്എഫ്‌കെയുടെ ഒപ്പം കിഫ് എന്ന പേരില്‍ ഒരു സമാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഇതിനോടുള്ള താങ്കളുടെ നിലപാടെന്ത്?

ഐഎഫ്എഫ്‌കെയുടെ ഒപ്പമോ അല്ലാതെയോ എത്ര മേള നടത്തിയാലും ഒരു കുഴപ്പവുമില്ല എന്നാണ്  ഞാന്‍ കരുതുന്നത്. വ്യക്തികളുടെയും സംഘടനകളുടെയുമൊക്കെ താല്പര്യങ്ങള്‍ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം.

ഒരു ബദല്‍ ചലച്ചിത്രമേളയുടെ ആവശ്യമുണ്ടോ?

ബദല്‍ ചലച്ചിത്രമേള എന്നൊക്കെ പറയുമ്പോള്‍ എന്താണ് ബദല്‍ എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അപ്പോഴാണ് യോജിപ്പിന്റെയും വിയോജിപ്പിന്റെയും പ്രശനം ഉയര്‍ന്നുവരുകയുള്ളു. ഇതിനു മുന്‍പ് സമാന്തര പ്രദര്‍ശനങ്ങളൊക്കെ ചലച്ചിത്രമേളകളുടെ സമയത്തുതന്നെ പലപ്പോഴും നടന്നിട്ടുണ്ട്. മേളയില്‍ ഇടം കിട്ടാതായവരുടെ ചിത്രങ്ങളില്‍ ചില ചിത്രങ്ങളൊക്കെ ഇങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട ബദല്‍ ചലച്ചിത്ര മേളകള്‍ വന്നിട്ടുണ്ട്. അത് കലാകാരന്റെ സര്‍ഗാത്മക സ്വാതന്ത്ര്യത്തിനും സാമൂഹ്യ രാഷ്ട്രിയ വീക്ഷണങ്ങള്‍ക്കും നേരെ ഭരണകൂടത്തിന്റെ വാള് വീശി ഔദ്യോദിക മേളകളുടെ പടിക്ക് പുറത്താക്കിയപ്പോഴാണ്. ഫിലിം ഡിവിഷന്‍ നടത്തുന്ന ഡോക്യുമെന്ററി ഹൃസ്വ ചിത്ര മേളയില്‍ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങള്‍ പുറത്താക്കപെട്ടപ്പോള്‍ ചലച്ചിത്രകാരന്മാര്‍ കൂട്ടമായി മേള ബഹിഷ്‌കരിച്ച് ബദല്‍ മേള സംഘടിപ്പിക്കുകയും അത് കുറെ വര്‍ഷങ്ങള്‍ തുടരുകയും ചെയ്തു. അത് ആശയപരമായ സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റേതായ പോരാട്ടമായിരുന്നു.

ഐഎഫ്എഫ്‌കെ നടക്കുന്നതിനോടൊപ്പം കിഫ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയം എന്താണ്?

ഐഎഫ്എഫ്‌കെ നടത്തുന്നതിനൊപ്പം കിഫ് നടത്തുന്നതില്‍ ഒരു വിയോജിപ്പും വ്യക്തിപരമായി എനിക്കില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. പക്ഷെ അതിന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാല്‍ അങ്ങനെ പ്രത്യേക രാഷ്ട്രീയ പോരാട്ടം അല്ലെങ്കില്‍ പ്രത്യയശാസ്ത്ര നിലപാട് ഇതിനുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. കാരണം, കിഫ് സംഘടിപ്പിക്കാനുള്ള മുഖ്യ കാരണമായി പറയുന്നത് സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഐഎഫ്എഫ്‌കെയില്‍ തഴയപ്പെട്ടു എന്ന പ്രചരണമാണ്. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം സെക്‌സി ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ നിന്നും തഴയപ്പെട്ടതല്ല മറിച്ച് മത്സര വിഭാഗത്തില്‍ ജൂറി തെരഞ്ഞെടുക്കാത്തത് കൊണ്ട്  മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ നിന്നും സനല്‍കുമാര്‍ സ്വയം പിന്‍വലിച്ചു എന്നാണ്. അങ്ങിനെ ഐഎഫ്എഫ്‌കെയിലെ മുഴുവന്‍ ഡെലിഗേറ്റുകളുടെ മുന്നിലും ആ സിനിമ പ്രദര്‍ശിപ്പിക്കപ്പെടാനുള്ള അവസരം സ്വയം റദ്ദ് ചെയ്തു ബദല്‍ മേളയിലേക്ക് ചുരുക്കിയത് തികച്ചും വ്യക്തിപരവും വൈകാരികവുമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് കിഫിന് മറ്റൊരു രാഷ്ട്രീയമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വാസ്തവത്തില്‍ ഗോവയിലെ ചലച്ചിത്ര മേളയിലേക്ക് എസ് ദുര്‍ഗ തെരഞ്ഞെടുക്കുകയും രാഷ്ട്രീയ കാരണങ്ങളാല്‍ ഭരണകൂടം ഈ തീരുമാനത്തെ നിരാകരിച്ചുകൊണ്ട്  സിനിമയെ പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ ഗോവയില്‍ കിഫ് പോലെ ബദല്‍ ചലച്ചിത്രമേള സംഘടിപ്പിക്കുവാന്‍ തയ്യാറായിരുന്നെങ്കില്‍ ആ മേളയ്ക്ക് സര്‍ഗാത്മക സ്വാതന്ത്ര്യത്തിന്റെയും നിലപാടുകളുടെയും ഒരു ബദല്‍ രാഷ്ട്രീയം ഉണ്ടാകുമായിരുന്നു. കോടതി വിധിയെപ്പോലും മാനിക്കാത്ത തരത്തില്‍ ഇടുങ്ങിയ മതഭ്രാന്തിന്റെ അധീശ്വത്വം പ്രകടിപ്പിച്ചുകൊണ്ട് എസ് ദുര്‍ഗയെപ്പോലുള്ള സിനിമകളെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണ് വളരെ പ്രധാനമെന്ന് ഞാന്‍ കരുതുന്നു. കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശത്രുതാപരമായ വിഭജനങ്ങള്‍ക്കു പകരം പരമാവധി യോജിപ്പിന്റെ രാഷ്ട്രീയം ഉയര്‍ന്നുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഐഎഫ്എഫ്‌കെ 22 വര്‍ഷം പിന്നിടുമ്പോള്‍ അത് വിഭാവനം ചെയ്ത രാഷ്ട്രീയം പാലിക്കപ്പെടുന്നുണ്ടോ?

22 വര്‍ഷം പിന്നിടുന്ന ഐഎഫ്എഫ്‌കെ ഏറെ പരിമിതികളോടെയും ദൗര്‍ബല്യങ്ങളോടെയുമാണ് ചരിത്രത്തിന്റെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ച് 2017ല്‍ എത്തിനില്‍ക്കുന്നത്. വളരെ പ്രയാസകരമായ ഈ യാത്ര പക്ഷെ  വലിയ സംഭാവനകള്‍ മലയാള സിനിമയ്ക്കും കേരളത്തിനും അതിന്റെ സാംസ്‌കാരിക മേഖലയ്ക്കും നല്‍കിയിട്ടുണ്ട്. ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയം ലോക സിനിമയുടെ മാറ്റങ്ങളും വ്യത്യസ്തതയും നമ്മുടെ കാഴ്ചാനുഭവങ്ങളെ കൂടുതല്‍ മാനവികവും ജനാധിപത്യപരവുമായി വികസിപ്പിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളതാണ്. ഹോളിവുഡ് അടക്കമുള്ള മുഖ്യധാരാ സിനിമകളുടെ മലിനപ്രവാഹത്തില്‍ വീണു ചീഞ്ഞുനാറാതെ ഒരു ബദല്‍ സിനിമാ സങ്കല്പത്തെ പരിചയപ്പെടുത്തുകയും സ്വംശീകരിക്കുകയും ചെയ്യുക എന്നുള്ളത് പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു. പ്രത്യേകിച്ച് ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ സിനിമകളെ അടുത്തറിയാന്‍ സഹായിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധ്യമാക്കുകയും ചെയ്യുന്ന ഒരു മേള കൂടി ആണ് ഐഎഫ്എഫ്‌കെയുടെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഉണ്ടായിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള സിനിമയുടെ അന്ത്യമായി എന്ന് മുഖ്യധാരാ സിനിമയുടെ കളിക്കളത്തില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നത് തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്താത്തത് കൊണ്ടായിരുന്നു. അളിഞ്ഞഴുകിയ പഴയ സിനിമാ ചേരുവകളും പ്രമേയങ്ങളും താരങ്ങളും കാലഹരണം വന്ന സാങ്കേതിക വിദ്യകളും ഒക്കെ കൂടി സിനിമയെ കൊന്നു തിന്നുകൊണ്ടിരുന്നപ്പോഴാണ് ഈ ഭീതിയുടെയും പരാജയത്തിന്റെയും നിലവിളി ഉയര്‍ന്നുവന്നത്. ഐഎഫ്എഫ്‌കെയിലൂടെ ലോകസിനിമയിലെ മാറ്റങ്ങളും പുതുപ്രവണതകളും സാങ്കേതിക മികവിന്റെ സാധ്യതകളും അറിഞ്ഞ ചെറുപ്പക്കാര്‍ പുതിയ സിനിമകളുമായി വന്നപ്പോഴാണ് പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് വീണ്ടും വന്നു തുടങ്ങിയത്. മുഖ്യധാരാ സിനിമകളിലും മറ്റ് സമാന്തര സിനിമകളിലും പുതിയ കലാകാരന്മാരും കലാകാരികളും സാങ്കേതിക വിദഗ്ദ്ധരും തിരക്കഥാകൃത്തുക്കളും സംവിധായകരും വന്നത് പ്രധാനമായും ഐഎഫ്എഫ്‌കെയുടെ മേളകളില്‍ നിന്നും മറ്റ് പ്രാദേശിക മേളകളില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളും സ്വപ്നങ്ങളുമായാണ്. ലോകസിനിമയ്ക്കൊപ്പം ഈ മേളകളില്‍ മലയാളത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന സിനിമകളും ഇതര ഇന്ത്യന്‍ ഭാഷകളില്‍  നിന്നുള്ള സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടല്ലോ. നമ്മുടെ പുതിയ സിനിമകളെ ലോകത്തിനു പരിചയപ്പെടുത്തുന്ന ഒരു ധര്‍മ്മം കൂടിയാണിത്. ഐഎഫ്എഫ്‌കെ പ്രശസ്തരായ പലരുടെയും ഒരു പ്ലാറ്റ്‌ഫോമായിരുന്നു എന്നുള്ളത് നാം മറന്നുകൂടാ. ഐഎഫ്എഫ്‌കെയില്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ മാത്രമല്ല സംഭവിക്കുന്നത്, തുറന്ന സംവാദങ്ങളുടെയും സൗഹൃദക്കൂട്ടായ്മകളുടെയും ഒരു വേദി കൂടിയാണിത്. പുതിയ സ്വപ്നങ്ങളും പ്രോജെക്റ്റുകളും ആശയങ്ങളും കൂട്ടായ്മകളും ഒക്കെ ഇവിടെ രൂപം കൊള്ളുന്നുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെയാണ് ഐ എഫ്എഫ്‌കെയുടെ രാഷ്ട്രീയം എന്ന് ഞാന്‍ കരുതുന്നു. ഇത് ഏറെക്കുറെ ഭരണകൂട ഇടപെടലുകള്‍ കൂടാതെയും വിലക്കുകള്‍ ഇല്ലാതെയും സാധ്യമാകുന്നുണ്ട്. മേളയില്‍ ഉള്‍പ്പെടുത്തേണ്ട ലോകസിനിമകളും ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളും തെരഞ്ഞെടുക്കുന്നതിന് വിവിധ ജൂറികളെയാണ് നിയോഗിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഒന്‍പത് സിനിമകള്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ സിനിമകള്‍ക്കൊപ്പം രണ്ട് മലയാള സിനിമകള്‍ തെരഞ്ഞെടുക്കും. സനല്‍ കുമാറിന്റെ സിനിമ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തത് കൊണ്ടാണ് അദ്ദേഹം സിനിമ മേളയില്‍ നിന്നും പിന്‍വലിച്ചത്. ഏത് ചലച്ചിത്രകാരനും ഏത് സിനിമയും എപ്പോഴും നേരിടാവുന്ന ഒരു പ്രശ്‌നമാണിത്. ഒരു സിനിമ തെരഞ്ഞെടുക്കപ്പെടാതിരിക്കാം, പുരസ്‌കാരം ലഭിക്കാതിരിക്കാം. അപ്പോഴൊക്കെ മേള അതിന്റെ ലക്ഷ്യത്തില്‍ നിന്ന് പുറകോട്ട് പോയെന്നോ പരാജയപ്പെട്ടെന്നോ വിലയിരുത്തുന്നത് ശരിയല്ലെന്ന് ഞാന്‍ കരുതുന്നു.

ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടോ?

ഐഎഫ്എഫ്‌കെയില്‍ സിനിമ തെരഞ്ഞെടുക്കുന്നത് പ്രത്യേക യോഗ്യതയുള്ളവരും തങ്ങളുടെ മികവ് തെളിയിക്കുകയും ചെയ്തിട്ടുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജൂറി സമിതികളാണ്. ചലച്ചിത്രകാരന്മാര്‍, നിരൂപകര്‍, സാങ്കേതിക യോഗ്യതയുള്ള ചലച്ചിത്ര പ്രൊഫഷണലുകള്‍ എന്നിവരൊക്കെ അടങ്ങുന്നതാണ് ഓരോ കമ്മിറ്റിയും. ഈ  കമ്മിറ്റിയുടെ തീരുമാനത്തെ ചലച്ചിത്ര അക്കാദമിയോ, സര്‍ക്കാരോ മാറ്റ് ബാഹ്യ ശക്തികളോ പുറത്തുനിന്ന് സ്വാധീനിക്കാനോ തിരുത്തി എഴുതാനോ അനുവദിക്കാതിരിക്കുക എന്നുള്ളതാണ് പ്രധാന മാനദണ്ഡം. ഓരോ സിനിമകളെപ്പറ്റിയും ചര്‍ച്ച ചെയ്താണ് ഈ കമ്മിറ്റി അവരുടെ തീരുമാനത്തില്‍ എത്തുന്നത്. മലയാള സിനിമയുടെ എല്ലാ ധാരകളെയും പ്രതിനിധാനം ചെയ്യുന്ന സിനിമകളായിരിക്കും അവര്‍ തെരഞ്ഞെടുക്കുക. ഒരു നിശ്ചിത എണ്ണം സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുന്നത് കൊണ്ട് പലപ്പോഴും പല നല്ല സിനിമകളും ഇവിടെ ഇടം കിട്ടാതെ പുറത്താവുന്നുണ്ടെന്നുള്ളത് ദു:ഖകരമാണ്. കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടെന്നു കമ്മിറ്റിക്ക് ബോധ്യമുണ്ടെങ്കില്‍ സിനിമകളുടെ എണ്ണം കൂട്ടാനുള്ള അനുമതി നല്‍കുന്ന വിധത്തില്‍ ഇപ്പോഴുള്ള നിബന്ധനകള്‍ പരിഷ്‌കരിക്കേണ്ടതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കൂടുതല്‍ മലയാള സിനിമകളെ പൊതുവിഭാഗത്തിലും വേണമെങ്കില്‍ മത്സര വിഭാഗത്തിലും ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതാണ്.

സെക്സി ദുര്‍ഗയെ ഐഎഫ്എഫ്‌കെയില്‍ ഒതുക്കി എന്നാണ് ആരോപണം. ഇതോടൊപ്പം പല നല്ല ചിത്രങ്ങളെയും തഴഞ്ഞെന്നും ആരോപണമുണ്ട്. എങ്ങിനെ പ്രതികരിക്കുന്നു?

ഈ  ചോദ്യത്തിനുള്ള ഉത്തരമൊക്കെ ഞാനിത് വരെ പറഞ്ഞ കാര്യങ്ങളില്‍ ഉണ്ട്. ചോദ്യത്തിനുള്ളിലെ മറ്റൊരു കാര്യത്തെ കുറിച്ച് പറയാം. സെക്‌സി ദുര്‍ഗയെ മലയാളത്തിലേക്ക് ഒതുക്കി എന്ന് പറയുന്നത് ശരിയല്ല. കാരണം മലയാള സിനിമ വിഭാഗം വളരെ മോശപ്പെട്ട ഒന്നാണെന്ന വിവക്ഷ അതിനുണ്ടോ എന്നും സംശയിക്കാം.

Related Articles

ബദല്‍ ചലച്ചിത്രമേള ഒരു സിനിമയെ മാത്രം കേന്ദ്രബിന്ദുവാക്കരുത് – നീലന്‍ പ്രേംജി

ജൂറിമാര്‍ക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി സിനിമയുണ്ടാക്കണം – മനോജ് കാന

കേരളത്തില്‍ ചലച്ചിത്രമേളകളുടെ വസന്തങ്ങള്‍ ഉണ്ടാവട്ടെ – ജി.പി.രാമചന്ദ്രന്‍