എന്‍സിപി സംസ്ഥാന നേതൃയോഗം ശനിയാഴ്ച;  ശശീന്ദ്രന്‍ കേസിലെ  വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ

0
33

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഡിസംബര്‍ പന്ത്രണ്ടിന്, അതായത് അടുത്ത ചൊവ്വാഴ്ച വരുന്ന ഹൈക്കോടതി വിധിക്ക് കാത്തിരിക്കുകയാണ് കേരളത്തിലെയും മുംബൈയിലെയും എന്‍ സിപി കേന്ദ്രങ്ങള്‍. എന്‍സിപിക്ക് ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന കേരളത്തിലെ മന്ത്രി പദവി നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഹൈക്കോടതി വിധി സുപ്രധാനമാണ്‌. എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ കെണി കേസിലെ പെണ്‍കുട്ടിയുടെ ഹര്‍ജി അടുത്ത ചൊവാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത് .

ശശീന്ദ്രന് എതിരായി മജിസ്ട്രേട്ട് കോടതിയില്‍  താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധി ഈ കാര്യത്തില്‍ അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന് മന്ത്രി പദവിയില്‍ തിരിച്ചെത്താന്‍ കഴിയും എന്ന പ്രതീക്ഷ എന്‍സിപി നിലനിര്‍ത്തിയിരിക്കെയാണ് ഈ കേസില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി തീരുമാനം വരുന്നത്.

അതുകൊണ്ട് തന്നെ തോമസ്‌ ചാണ്ടിയുടെ ഒഴിവില്‍ എ.കെ.ശശീന്ദ്രനെ തന്നെ തിരിച്ച് മന്ത്രിയാക്കണം എന്ന എന്‍സിപിയുടെ ആവശ്യത്തില്‍ പാര്‍ട്ടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണ്. സുപ്രീം കോടതി വിധിക്ക് കാത്തിരിക്കുന്ന തോമസ് ചാണ്ടിയേക്കാള്‍ പെട്ടെന്ന് മന്ത്രിയാക്കാന്‍ കഴിയുക ശശീന്ദ്രനെ ആകും എന്ന ധാരണ എന്‍സിപി വെച്ച് പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വരുന്ന ചോവാഴ്ച വരുന്ന ഹൈക്കോടതി വിധി ശശീന്ദ്രനെ സംബന്ധിച്ച്, എന്‍സിപിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

എന്‍സിപി സംസ്ഥാന നേതൃയോഗവും ജനറല്‍ ബോഡി യോഗവും വരുന്ന ഒന്‍പതിന് കൊച്ചി ശിക്ഷക്ക് സദനില്‍ ചേരുന്നുണ്ട്. ഈ ശനിയാഴ്ച ചേരുന്ന നേതൃയോഗത്തില്‍  ശശീന്ദ്രന്‍ വിഷയം ചര്‍ച്ചയ്ക്ക് വരും. ഹൈക്കോടതി വിധി അനുകൂലമായാല്‍ ചെയ്യേണ്ട ധൃതഗതിയിലുള്ള നീക്കങ്ങളും, പ്രതികൂലമായാല്‍ സ്വീകരിക്കേണ്ട നിലപാടും ഈ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.

മെമ്പര്‍ഷിപ്പ് നടപടികളും, സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പും ഈ യോഗത്തില്‍ ഒപ്പം ചര്‍ച്ച ചെയ്യും. ഹൈക്കോടതിയിലെ ശശീന്ദ്രന്‍ കേസില്‍ എന്ത് സംഭവിയ്ക്കും എന്ന കാര്യത്തില്‍ പാര്‍ട്ടി നിയമോപദേശം തേടിയിട്ടുണ്ട്. ഒന്നുകില്‍ ഈ കേസ് കീഴ്ക്കോടതിയോട് വിസ്തരിച്ച് തീര്‍ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടേക്കും. അല്ലെങ്കില്‍ ഈ കേസ് റദ്ദ് ചെയ്തേക്കും. ഈ രണ്ടു വഴികളാണ് പാര്‍ട്ടിക്ക് ലഭിച്ച നിയമോപദേശം. അല്ലെങ്കില്‍ ഇനി ഒരവധിക്ക് ഹൈക്കോടതിക്ക് നീട്ടാം. പക്ഷെ ഇനി ഒരവധിക്ക് വെക്കില്ലാ എന്ന പ്രതീക്ഷയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വെച്ചു പുലര്‍ത്തുന്നത്.

ഈ കേസ് ഹൈക്കോടതി വിസ്തരിച്ച് തീര്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ വിസ്താരം നടന്നാലും ശശീന്ദ്രന് കുറ്റവിമുക്തനാകാന്‍ കഴിയും എന്ന പ്രതീക്ഷ പാര്‍ട്ടി നിലനിര്‍ത്തുന്നു. കാരണം പെണ്‍കുട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്‌താല്‍ ഉടനടി മന്ത്രിസ്ഥാനം ആവശ്യപ്പെടാം.

ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്‌താല്‍ അടിയന്തിരമായി ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ക്കാന്‍ എന്‍സിപിആവശ്യപ്പെടും. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കുകയും ചെയ്യും. കേസ് റദ്ദ് ചെയ്‌താല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പ്രയാസം വരില്ലെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി. കാരണം എന്‍സിപിയുടെ മന്ത്രി പ്രശ്നത്തില്‍, ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനെതിരെ ഇടതുമുന്നണിയില്‍ എതിര്‍പ്പില്ല. അതുകൊണ്ട് തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഇനിയും നീളാന്‍ സാധ്യതയില്ലാ എന്നാണു എന്‍സിപി പൊതു നിഗമനത്തില്‍ എത്തുന്നത്.

പക്ഷെ മന്ത്രിയാകാന്‍ ധൃതി ഒട്ടും വേണ്ടാ എന്നുള്ള തീരുമാനത്തിലാണ് ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രനുള്ളത്. ‘മന്ത്രിയാകുന്ന കാര്യത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് മന്ത്രിയാകാന്‍ ധൃതിയില്ലാ. ഹൈക്കോടതി വിധി അനുകൂലമായാല്‍ ആലോചിച്ച് തീരുമാനത്തില്‍ എത്തിയാല്‍ മതി. പെട്ടെന്ന് മന്ത്രിസ്ഥാനം തിരിച്ചു വേണം എന്ന കാര്യത്തില്‍ ഒരു വ്യക്തിപരമായ നിര്‍ബന്ധവും എനിക്കില്ല. ചര്‍ച്ച നടത്തി വേണം ആ കാര്യത്തില്‍ തീരുമാനം എടുക്കാന്‍.” ശശീന്ദ്രന്‍ 24 കേരളയോടു പറഞ്ഞു.

പാര്‍ട്ടി എന്ന നിലയില്‍ ആഴത്തിലുള്ള പ്രതിസന്ധിയാണ് പാര്‍ട്ടി നിയോഗിച്ച രണ്ടു മന്ത്രിമാരായ എ.കെ.ശശീന്ദ്രനും തോമസ്‌ ചാണ്ടിയും എന്‍സിപിക്ക് നല്‍കിയത്. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഹൈക്കോടതി വിധി സഹായകരമാകും എന്ന പ്രതീക്ഷയാണ് ഇപ്പോഴും എന്‍സിപി നേതൃത്വത്തിനുള്ളത്. പക്ഷെ ഹൈക്കോടതി വിധി പ്രതികൂലമായാലോ? ആ രീതിയിലേക്ക് തത്ക്കാലം ചിന്ത പോകേണ്ട എന്നാണു എന്‍സിപികേന്ദ്രങ്ങള്‍ തന്നെ കരുതുന്നത്.