മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷക സമരത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം അകോലയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെയാണ് യശ്വന്ത് സിന്‍ഹയേയും 250 ഓളം കര്‍ഷകരേയും മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തത്.
ബോംബെ പോലീസ് ആക്ട് പ്രകാരം കളക്ട്രേറ്റിന് പുറത്ത് സമരം ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ അകോല ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നുവെന്നാരോപിച്ച് നൂറുകണക്കിന് പരുത്തി, സോയാബീന്‍ കര്‍ഷകരാണ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ അകോല ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തിയത്.
കര്‍ഷകരുമായി സംവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് യശ്വന്ത് സിന്‍ഹയെ തങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വൈകാതെ അദ്ദേഹത്തെ വിട്ടയക്കുമെന്നും ജില്ലാ കളക്ടര്‍ അസിത് കുമാര്‍ പാണ്ഡെ അറിയിച്ചു. ബി.ടി പരുത്തി കമ്പനികള്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ബന്ധത്തിലാണ് യശ്വന്ത് സിന്‍ഹ. എന്നാല്‍ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നേരത്തെ തന്നെ നടപടി എടുത്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.