നോക്കുകുത്തിയായത് ദുരന്തനിവാരണ അതോറിറ്റി തന്നെ; ഓഖിയുടെ ബാക്കിപത്രം വീഴ്ചകളുടേത്

0
106

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിന് തിരിച്ചടിയായ ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പില്‍ വന്ന പാളിച്ചകള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമലില്‍ അമരുന്നു. സര്‍ക്കാറിന് ഭരണപരമായും രാഷ്ട്രീയപരമായും തിരിച്ചടിയായി മാറിയ ഓഖിയുടെ കാര്യത്തില്‍ പാളിച്ച പറ്റിയത് ദുരന്തനിവാരണ അതോറിറ്റിക്കാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

കേന്ദ്രത്തില്‍ നിന്നും വന്ന തുടരന്‍ അറിയിപ്പുകള്‍ വിലയിരുത്താനോ അതിലെ ആപല്‍ സൂചനകള്‍ സര്‍ക്കാരിനെ ധരിപ്പിക്കാനോ അതോറിറ്റിയ്ക്ക് കഴിഞ്ഞില്ലെന്നാണ് വ്യക്തമാകുന്നത്. ന്യൂനമര്‍ദ്ദം സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ വിശകലനം ചെയ്യേണ്ടത് ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേറ്റ്‌ എമർജൻസി ഓപ്പറേഷൻ സെന്റർ ആണ്. ഇതിന്റെ തലവന്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയായ ഡോ.ശേഖര്‍ കുര്യാക്കോസ് ആണ്.

ദുരന്തനിവാരണ അതോറിറ്റിയില്‍ വിദഗ്ദ്ധ ശാസ്ത്രജ്ഞരില്ല. മെബർ സെക്രട്ടറി മാത്രമാണ് ഈ കമ്മിറ്റിയിൽ വിഷയവുമായി ബന്ധമുള്ള ഒരേയൊരാൾ. ശേഖര്‍ കുര്യാക്കോസിനാണെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് ബുള്ളറ്റ് രൂപത്തില്‍ ലഭിച്ച അറിയിപ്പുകള്‍ വിശകലനം ചെയ്ത് സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാനോ, ത്വരിത ഗതിയിലുള്ള നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞില്ല.

കേന്ദ്രം നല്‍കിയത് കാലാവസ്ഥാ മുന്നറിയിപ്പ് അല്ല. പ്രത്യേക ബുള്ളറ്റിന്നുകള്‍ തന്നെയാണ്. കേന്ദ്ര ഭൗമ
സെക്രട്ടറി അത് സാക്ഷ്യപ്പെടുത്തുന്നു. 29ന്‌ രാവിലെ തന്നെ ഒരു ബോട്ടും കടലില്‍ പോകാന്‍ പാടില്ലെന്ന് കേന്ദ്ര നിര്‍ദ്ദേശം വന്നു. മൂന്നു മുന്നറിയിപ്പുകള്‍ അതേ ദിവസം നല്‍കി. ഒന്നിനും ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ വിറങ്ങലിച്ച് നിന്നു.

നിമിഷങ്ങള്‍ക്കൊണ്ട് അത് കടലില്‍ ദുരന്തമായി പരക്കുകയും ചെയ്തു. ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ വിവരങ്ങള്‍ തെറ്റിയതും സര്‍ക്കാരിനു പറ്റിയ പാളിച്ചകളുടെ ഗൗരവം കൂട്ടി. ന്യൂനമര്‍ദ്ദം സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്രത്തില്‍ നിന്ന് ഇടയ്ക്കിടെ വരുന്നതാണെന്നാണ് ശേഖര്‍ കുര്യാക്കോസ് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. മുഖ്യമന്ത്രി ഇത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌ സര്‍ക്കാരിനെതിരെ രോഷം ഉയരാന്‍ കാരണമാകുകയും ചെയ്തു.

ദുരന്ത നിവാരണ അതോറിറ്റി റവന്യൂവകുപ്പിന് കീഴിലാണ്. സാധാരണഗതിയില്‍ ലാൻ‌ഡ് റവന്യൂ കമ്മിഷണറാണ് മെമ്പര്‍ സെക്രട്ടറിയായിരുന്നത്. ആ ഘട്ടത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍മാര്‍ക്ക് കളക്ടര്‍മാരോട് നേരിട്ട് ഉത്തരവിടാമായിരുന്നു. കാരണം ഐഎഎസ് പോസ്റ്റ്‌ ആയിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി സ്ഥാനം. ശേഖര്‍ കുര്യാക്കോസ് ഈ സ്ഥാനത്ത്‌ വന്നതോടെ മെമ്പര്‍ സെക്രട്ടറി പോസ്റ്റ്‌ ഐഎഎസ് അല്ലാതായി.

മുഖ്യമന്ത്രി ചെയർമാനും റവന്യൂ മന്ത്രി വൈസ് ചെയർമാനുമായ ദുരന്ത അതോറിറ്റിയിൽ ചീഫ് സെക്രട്ടറി, ഹോം, റവന്യൂ സെക്രട്ടറിമാർ മാത്രമാണുള്ളത്. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ അവധിയിലുമായിരുന്നു.
അദ്ദേഹം ദുരന്ത നിവാരണ കാര്യത്തില്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നുമില്ല. ഈ ഘട്ടത്തില്‍ ഓഖി വന്‍ ദുരന്തമായി മാറി.

മുഖ്യമന്ത്രിക്ക് വരെ ഓഖി കാരണം ജീവനുകള്‍ നഷ്ടമായ തീരദേശം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ദുരന്ത നിവാരണം പാളിയത് മുഖ്യമന്ത്രിയുടേയോ, മന്ത്രിമാരുടെയോ അനാസ്ഥ കൊണ്ടായിരുന്നില്ല. വകുപ്പില്‍ ഇരുന്നവര്‍, പ്രത്യേകിച്ചും ദുരന്ത നിവാരണ അതോറിറ്റിക്കാര്‍ അവരുടെ ചുമതലകള്‍ നിറവേറ്റാത്തതുകൊണ്ടാണ്.

കടലില്‍ പോയ, കടലില്‍ പോകാന്‍ ഒരുങ്ങുന്ന ബോട്ടുകള്‍ക്ക്  ഓഖി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ല. ദുരന്ത നിവാരണ അതോറിറ്റി പാളിപ്പോയപ്പോള്‍ തന്നെ ദുരന്തം കേരളത്തിനു മീതെ വീശിത്തുടങ്ങുകയും ചെയ്തിരുന്നു. കടലില്‍ ഓഖി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത് തുടങ്ങിയിരുന്നു.

അതുകൊണ്ട് തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്‍റെ മൂക്കിനു താഴെ വരുന്ന പൂന്തുറ പ്രദേശം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ട് മുഖ്യമന്ത്രിക്ക് വരെ അതിനു കഴിഞ്ഞില്ല. അതിശക്തമായ ജനരോഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായി പടര്‍ന്നിരുന്നു. കേരളാ തീരത്ത്‌ നിന്ന് മത്സ്യബന്ധനത്തിനു കടലില്‍ പോയി ഇനിയും തിരിച്ചെത്താന്‍ 92 പേരുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 27 പേര്‍ മരിച്ചിരിക്കുന്നു. 11 പേരെ തിരിച്ചറിഞ്ഞിട്ടില്ല. 26 കോടിയോളം രൂപയുടെ നാശനഷ്ടം വന്നു. എല്ലാ പഴിയും ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമലിലേക്ക് തന്നെ വരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ്  ഫലപ്രദമായ നടപടികള്‍ എടുക്കേണ്ടിയിരുന്നത്. അവിടെ പക്ഷെ ഒന്നും നടന്നില്ല. ദുരന്തം അറിഞ്ഞു സര്‍ക്കാര്‍ ഉണര്‍ന്നപ്പോഴേക്കും വീഴ്ചയുടെ ആഘാതം വലുതായിരുന്നു. അത് വന്‍ ദുരന്തമായി മാറുകയും ചെയ്തിരുന്നു.