രാജ്ഘട്ടില്‍ കാണിക്കവഞ്ചി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

0
45


ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രാജ്ഘട്ട് വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. രാഷ്ട്രപിതാവിനോടുള്ള ബഹുമാനം സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ ഇങ്ങനെയാണോ നാം പ്രകടിപ്പിക്കേണ്ടതെന്ന് ചോദിച്ച കോടതി കാണിക്കവഞ്ചി അവിടെ നിന്നും എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.

കാണിക്കവഞ്ചി സ്ഥാപിച്ചത് ആരാണെന്നും അതില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ക്കാണ് കിട്ടുന്നതെന്നും രാജ്ഘട്ടിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. ഹരിജന്‍ സേവക് സംഘിനാണ് കാണിക്കവഞ്ചിയില്‍ നിന്നുള്ള പണം കിട്ടുന്നതെന്ന് ഗാന്ധി സമാധിസമിതി കോടതിയെ അറിയിച്ചു.