അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍ ക്രിക്കറ്റ് ആരംഭിക്കും

0
42

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷടീമുകള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ വനിതാ ക്രിക്കറ്റിന് ലഭിക്കാറില്ല. ഇത്തരത്തിലുള്ള വിവേചനം വനിതാ ക്രിക്കറ്റ് താരങ്ങള്‍ തന്നെ പലതവണ വേദികളിലും പുറത്തും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ 2017 വനിതാ ഐസിസി വേള്‍ഡ് കപ്പോടെ വനിതാ ക്രിക്കറ്റ് ടീമിന്റ തലവര മാറി. ടീം കിരീടത്തിനു അരികില്‍ എത്തിയപ്പോഴേക്കും ടീമംഗങ്ങള്‍ ആരാധകരുടെ മനസിലും ഇടംപിടിച്ചു കഴിഞ്ഞു.

എന്നാലും പുരുഷ ടീമിന് നല്‍കുന്ന പിന്തുണയും സ്വീകാര്യതയും വനിതാടീമിന് കിട്ടുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആവേശപൂര്‍വ്വം സ്വീകരിക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ധോണി, കൊഹ്ലി, ധവാന്‍, രോഹിത് ശര്‍മ, തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പലടീമുകളിലായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആരാധകരും പല നിറങ്ങള്‍ക്ക് കീഴില്‍ ക്രിക്കറ്റെന്ന വികാരവുമായി അണിനിരക്കാറുണ്ട്.

മിതാലി രാജും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീത് കൗറും ഇന്ത്യന്‍ ടീമിന്റെ ഐക്കോണിക് താരങ്ങളായതിനു പിന്നാലെ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി കമ്മീഷന്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2018 മുതലാകും ടൂര്‍ണ്ണമെന്റ് ആരംഭിക്കുക.

പുരുഷ ടീമിനു കൂടുതല്‍ മത്സരം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ സമ്പാദിക്കുന്നതെന്നും പറയുന്ന വിനോദ് റായി വനിതാ ക്രിക്കറ്റ് ടീമിനും സമാനമായ അവസരങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. സമീപഭാവിയില്‍ തന്നെ ഇരു ടീമുകളും തുല്യ പ്രാധാനത്തില്‍ എത്തുമെന്നും വിനോദ് റായി പറഞ്ഞു.