തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം നേരിടുന്നവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാരപാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. കടലില്‍ അകപ്പെട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം രൂപ ധനസഹായം കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ബദല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 20 ലക്ഷം രൂപ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുക. തീരപ്രദേശ വാസികളില്‍ മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കാനും തീരുമാനമായി.
ഒരു മാസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷനും ചുഴലിക്കാറ്റില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുക നഷ്ടപരിഹാരവും നല്‍കും. മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്കാന് തീരുമാനിച്ചു. ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാകാതെ വന്നാല്‍ അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ സഹായം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് റവന്യു-ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് അഡീ. ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.
ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ തന്നെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. 15 കപ്പലുകള്‍ 7 ഹെലികോപ്ടറുകള്‍ 4 വിമാനങ്ങള്‍ എന്നിവ ആദ്യദിവസം മുതല്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി രംഗത്തുണ്ടായിരുന്നു. ആദ്യദിനം തുടങ്ങിയപ്പോഴുള്ള അതേ ഗൗരവത്തോടെ രക്ഷാപ്രവര്‍ത്തനം ഈ മണിക്കൂറുകളിലും തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് ടൂറിസം മന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരെ 30-ാം തീയതി തന്നെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ 52 പുനരധിവാസ ക്യാംപുകളിലായി 8556 പേര് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഭയം തേടിയിട്ടുണ്ടെന്നും കേരളത്തിലേത് പോലെ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ.ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലേക്ക് ഒരു ടീമിനെ അയച്ചു. സിന്ധുദുര്‍ഗ്ഗ്, ഗോവ, രത്നഗിരി എന്നിവിടങ്ങളിലുള്ള മലയാളി സംഘടനകളും, രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു. നോര്‍ക്ക ഡയറക്ടര്‍ ഭദ്രന് മഹാരാഷ്ട്രയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 700-ഓളം ആളുകള്‍ കേരളത്തിന് പുറത്തെ വിവിധ തീരങ്ങളിലെത്തിയിരുന്നു. മലയാളികള്‍ക്കൊപ്പം തന്നെ തമിഴ്നാട് സ്വദേശികളേയും നാട്ടിലെത്തിച്ചു. തമിഴ് നാട്ടിലെ മാധ്യമങ്ങളെ ഇതിനെ പ്രശംസിച്ചു റിപ്പോര്‍ട്ട് ചെയ്തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.