ബിറ്റ്‌കോയിന്‍ മൂല്യം ചരിത്രനേട്ടത്തിലേക്ക്

0
45

ന്യൂയോര്‍ക്ക്: ബിറ്റ്കോയിന്റെ വിനിമയമൂല്യം പ്രതീക്ഷിക്കാത്ത ഉയരത്തില്‍. 12000 ഡോളര്‍ എന്ന ചരിത്രനേട്ടമാണ് ബിറ്റ്‌കോയിനിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 7.73 ലക്ഷം രൂപ. കഴിഞ്ഞ ആഴ്ച 10000 ഡോളര്‍ ഉയര്‍ച്ചയിലായിരുന്നു ബിറ്റ് കോയിന്‍.

സാമ്പത്തിക വിദഗ്ദര്‍ അവിശ്വസനീയമായ കുതിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. പുതിയ മൂല്യം വരും. സാങ്കല്‍പിക കറന്‍സിയിലുള്ള ഇടപാടുകള്‍ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നത്. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല.

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കല്‍പിക കറന്‍സിയാണ് ബിറ്റ്കോയിന്‍. കംപ്യൂട്ടര്‍ ശൃംഖല വഴി ഇന്റര്‍നെറ്റിലൂടെ മാത്രമാണ് വിനിമയം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ്കോയിനാണു പ്രസിദ്ധം.

ഔദ്യോഗിക ഇടനിലക്കാരെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കുന്ന ബിറ്റ്കോയിന്‍ വിനിമയം രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കുമെന്ന് ആശങ്കയുണ്ട്. ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണ് ബിറ്റ്കോയിന്റെ സവിശേഷത.

കേന്ദ്ര ബാങ്കുകള്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയാണ് ബിറ്റ്കോയിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു പ്രവര്‍ത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും.