മുഖ്യമന്ത്രിയെ ഉപദേശകര്‍ വഴിതെറ്റിക്കുന്നോ? രാഷ്ട്രീയ കൊടുങ്കാറ്റായി ഓഖി

0
95

എം.മനോജ്‌കുമാര്‍ 

തിരുവനന്തപുരം: ഉപദേശകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിതെറ്റിക്കുന്നോ? ഓഖി ദുരന്തത്തിനിരയായ
തിരുവനന്തപുരത്തെ കടലോര മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാല് ദിവസം വൈകിയതാണ്‌
ഇങ്ങിനെ ഒരു ചോദ്യം ഉയര്‍ത്തുന്നത്. നാല് ദിനം വൈകിയെത്തിയ മുഖ്യമന്ത്രിയെ വിഴിഞ്ഞത്ത് രാത്രി മത്സ്യത്തൊഴിലാളികള്‍ തടയുകയും ചെയ്തു.

ജനകീയനായ മുഖ്യമന്ത്രിയാകാന്‍ പിണറായിയെ സഹായിക്കേണ്ടത് ഉപദേശകരുടെ ചുമതലയാണ്. വിഎസും ജനകീയമായ പ്രവര്‍ത്തികളിലൂടെ ഉയര്‍ന്നു വരുകയാണുണ്ടായത്. വിഎസിനെ തുണച്ച ഉപദേശകരാണ് അദ്ദേഹത്തെ ഒരു ശക്തിയാക്കി മാറ്റിയത്.

ജനകീയനല്ലാത്ത മുഖ്യമന്ത്രി എന്ന ലേബലാണ് ഓഖി ദുരന്തം മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. ഒരു ഡസന്‍ ഉപദേശകര്‍ ഉള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഉപദേശകരെ മുട്ടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് പരിഹാസവും പ്രതിപക്ഷത്ത് നിന്നും ഉയര്‍ന്നിരുന്നു. പക്ഷെ എല്ലാം ഭരണത്തിന്റെ സദ്‌ഫലങ്ങള്‍ക്ക് വേണ്ടി എന്ന കണക്കു കൂട്ടലിലാണ് കേരള ജനത നീങ്ങിയത്. പക്ഷെ ഇത്തരം ഒരു ദുരന്തം വന്നപ്പോള്‍ ഉപദേശകര്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചിട്ടില്ലേ, അതോ മുഖ്യമന്ത്രി ആ ഉപദേശം സ്വീകരിച്ചില്ലേ എന്നാണു ചോദ്യം ഉയരുന്നത്.

മുഖ്യമന്ത്രിക്ക് തീരത്ത് എതിര്‍പ്പ് വന്നപ്പോള്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ആ എതിര്‍പ്പ് ഏല്‍ക്കേണ്ടി വന്നില്ല. ഇതാണ് ഉപദേശകര്‍ പാളിപ്പോയോ എന്ന സംശയം  ഉയര്‍ത്തുന്നത്.  ഓഖി വീശി നാല് നാള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തുന്നത്. അപ്പോഴേക്കും ഒട്ടനവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. നേവിയേയും മറ്റ് സേനാവിഭാഗങ്ങളെയും ഏകോപിപ്പിച്ച് കേരളാ സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.

പക്ഷെ മുഖ്യമന്ത്രി തീരമേഖല സന്ദര്‍ശിക്കാന്‍ വൈകിയതാണ് വിവാദമായി തുടരുന്നത്. പക്ഷെ ബിജെപിയും കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ഒപ്പം എന്ന പ്രതീതി ഈ ഘട്ടത്തില്‍ വരുത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവ് മേശ്‌ ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂന്തുറയിലും വിഴിഞ്ഞത്തും സന്ദര്‍ശനം നടത്തി. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ കൂടെനിന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ജനങ്ങളെ വിളിച്ചു കൂട്ടി പിന്തുണ ഉറപ്പ് നല്‍കി.

മത്സ്യത്തൊഴിലാളികളോട്‌ കോപിക്കരുത് എന്ന കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ വാക്കുകള്‍ കടലോര മേഖലയില്‍ വലിയ പ്രതികരണം ഉണ്ടാക്കി. തീരമേഖലയില്‍ മുഖ്യമന്ത്രിക്ക് ശേഷമെത്തിയ  ഭരണ പരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് പറഞ്ഞതും ജനങ്ങള്‍ കേട്ടു.

നിര്‍മലാ സീതാരാമനും വിഎസും ജനങ്ങള്‍ക്കൊപ്പം എന്ന ധാരണ തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് വന്നു. പക്ഷെ ഈ വികാരം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു സാധിച്ചില്ല. മുഖ്യമന്ത്രിക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു. മുഖ്യമന്ത്രിയുടെ സമീപനം വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഇതാണ് കടലില്‍ വിതച്ച ദുരന്തത്തെ കേരളത്തില്‍ ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറ്റുന്നത്.

രണ്ടു കാര്യങ്ങളാണ് വിഴിഞ്ഞത്ത് ആ രാത്രി മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. ഒന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര തുടരേണ്ടി വന്നു. രണ്ട് പൂന്തുറ സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രീതികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരായ ജനവികാരം തിരിച്ചറിഞ്ഞു ബിജെപിയും രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രിയെ ജനങ്ങള്‍ തടഞ്ഞ സംഭവം വിവാദക്കൊടുങ്കാറ്റായി മാറുന്നത്. മാധ്യമങ്ങളില്‍ നിന്ന് അകന്നുമാറി സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുടെ രീതികള്‍ വിമര്‍ശന വിധേയമായി തുടരുമ്പോഴാണ് വിഴിഞ്ഞത്ത് മുഖ്യമന്ത്രി തടയപ്പെടുന്നത്. അതുകൊണ്ട് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിവെച്ചു.

മാധ്യമങ്ങളില്‍ നിന്നകലുമ്പോള്‍ മുഖ്യമന്ത്രി അകലുന്നത് ജനങ്ങളില്‍ നിന്നാണ്. ഈ അകല്‍ച്ചയാണ് വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് തിരിച്ചടിയായത് എന്നാണു ആക്ഷേപം. ”ഓഖി ദുരന്തത്തില്‍ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റി എന്നൊന്നും പറയാന്‍ കഴിയില്ല. ഒരു ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം പാളുക, മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുക എന്നൊക്കെ സംഭവിക്കുക പതിവാണ്. പക്ഷെ ഇവിടെ മുഖ്യമന്ത്രിക്ക് വന്ന പാളിച്ച ദുരന്ത സ്ഥലത്ത് എത്രയും പെട്ടെന്ന്‌ എത്തിയില്ലാ എന്നതാണ്”- പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം 24 കേരളയോട് പറഞ്ഞു.

ഒരു ദുരന്തം സംഭവിക്കുമ്പോള്‍,  ഭരണാധികാരി ഒപ്പം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം വരും. തങ്ങള്‍ക്ക് നാഥനുണ്ട്, ഒറ്റയ്ക്കല്ലാ എന്ന തോന്നലുണ്ടാകും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വൈകിയപ്പോള്‍ ഈ ആത്മവിശ്വാസം, തോന്നല്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു.  ദുരന്തം ഉണ്ടായത് കടലിലാണ്. അപ്പോള്‍ ഉറ്റവര്‍ നഷ്ടമായ ആളുകളുടെ അരികില്‍ ഭരണാധികാരി വന്നാല്‍ അത് വലിയ പ്രതികരണം ഉണ്ടാക്കും.

ഇവിടെ മുഖ്യമന്ത്രി എത്താന്‍ വൈകി. അത് വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഓഖി ദുരന്തമായി മാറിയപ്പോള്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ടായില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു കഴിഞ്ഞു. മുന്നറിയിപ്പ് നല്‍കിയില്ല. രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു. മുഖ്യമന്ത്രിയും എത്തിയില്ല. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം വന്നു.

മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് നല്‍കി എന്ന് കാലാവസ്ഥാ വിഭാഗം ഇന്നും പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ അലംഭാവം ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഒട്ടനവധി ജീവനുകള്‍ നഷ്ടമായ അവസ്ഥയിലേക്ക് വന്നു. ഇവിടെ മുഖ്യമന്ത്രിയുടെ സമീപനം കൂടി വിമര്‍ശന വിധേയമായി. ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തങ്ങള്‍ക്കൊപ്പം
നില്‍ക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ കഴിഞ്ഞില്ല-സണ്ണിക്കുട്ടി എബ്രഹാം ചൂണ്ടിക്കാട്ടുന്നു.

കടലോര മേഖലയെ നക്കിത്തുടച്ച് ഓഖി കടന്നുപോയപ്പോള്‍ നഷ്ടമായത് 33 മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ്. ഇനിയും ഇരുന്നൂറിലേറെപ്പേരെ കണ്ടെത്താനുണ്ടെന്ന് ലത്തീന്‍ കാത്തലിക് സഭ വിവരങ്ങള്‍ നിരത്തി പറയുകയും ചെയ്യുന്നു. ഓഖി ഒരു ദുരന്തമായി കേരളത്തിനു മുന്നില്‍ നില്‍ക്കവേയാണ് അത്‌ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന്റെ രൂപം കൈവരിക്കുക കൂടി ചെയ്യുന്നത്.

ഓഖി പോലുള്ള ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലും മുന്നറിയിപ്പിലുമൊക്കെ പാളിച്ചകള്‍ സംഭവിക്കുക സാധാരണമാണ്. അത് സര്‍ക്കാരിന്റെ വീഴ്ചയായി കണക്കാക്കുന്നതിനു വലിയ പ്രസക്തിയുമില്ല.
പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും തീരദേശമേഖല സന്ദര്‍ശിക്കാന്‍ വൈകിയതാണ് വിവാദമാകുന്നത്. ഇത് കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി വന്നപ്പോള്‍ കണക്ക്കൂട്ടലുകളോടെ ഇടപെട്ടു. ദുരന്ത സമയത്ത് കേരളത്തില്‍ എത്തേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ്. പക്ഷെ മോദി അയച്ചത് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ. കടലോര മേഖല, ദുരന്തം. നഷ്ടമായ ജീവനുകള്‍. ഈ സമയത്ത് കടലോര മേഖലയെ ശാന്തമാക്കാന്‍ നിര്‍മലാ സീതാരാമനാണ് നല്ലത് എന്ന് മോദി തിരിച്ചറിഞ്ഞു. കേന്ദ്രമന്ത്രി ജനങ്ങള്‍ക്കൊപ്പം എന്ന വികാരം നിര്‍മല സൃഷ്ടിച്ചു. ഒരു പക്ഷെ രാജ്നാഥ് സിങ്ങിനു ഈ പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കുമായിരുന്നില്ല.

നിര്‍മല സീതാരാമന്‍ തിരിച്ചു പോയി. തമിഴറിയാം, മലയാളം മനസിലാകും. ഇതും നീക്കങ്ങളില്‍ നിര്‍മലയ്ക്ക്‌ തുണയായി. അവസാനത്തെ ജീവന്‍ വീണ്ടെടുക്കും വരെ, അവസാന ശരീരം കണ്ടെത്തും വരെ വിവിധ സേനാവിഭാഗങ്ങള്‍, രാജ്യം നിങ്ങള്‍ക്കൊപ്പം എന്ന നിര്‍മലയുടെ വാക്കുകള്‍ വലിയ പ്രകമ്പനങ്ങളായി. ഇതൊരു വലിയ രാഷ്ട്രീയ കണക്കുകൂട്ടല്‍ ആയിരുന്നു.

ഈ കണക്കുകളിലാണ് സംസ്ഥാന
സര്‍ക്കാര്‍ പതറിപ്പോയത്. ഓഖിയില്‍ റവന്യൂമന്ത്രിക്ക് വീഴ്ച പറ്റി എന്ന് ഇന്നലെത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍
യോഗത്തില്‍ വിമര്‍ശനം വന്നപ്പോള്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിച്ചത് ഈ സംഭവം എന്റെ ജീവിതത്തില്‍ ആദ്യത്തേതാണ് എന്നാണ്. ഈ പ്രതികരണം ഇതിനൊപ്പം കൂട്ടി വായിക്കുക തന്നെ വേണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമല്ല വീഴ്ച വന്നത്. ഉപദേശകര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമാണ്. ആ വീഴ്ച ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി ഇപ്പോള്‍ ഇടത് സര്‍ക്കാരിനു മേല്‍ ഓഖി പോലെ തന്നെ പതിക്കുന്നു.