മെസിയുടെ പ്രതിമയുടെ കാല്‍ അക്രമികള്‍ തകര്‍ത്തു

0
54

ബ്യൂണസ് അയേഴ്സ്: ലോകഫുട്ബാളില്‍ ഏറ്റവും അധികം ആരാധകരുള്ള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ലയണല്‍ മെസ്സി. എന്നാല്‍ അര്‍ജന്റീനയില്‍ ലാ പ്ലാറ്റ നദിക്ക് സമീപം സ്ഥാപിച്ചിരുന്ന മെസ്സിയുടെ വെങ്കല പ്രതിമ വീണ്ടും അക്രമികള്‍ തകര്‍ത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രതിമ തകര്‍ക്കപ്പെടുന്നത്.

കാല്‍വെട്ടിയ രീതിയില്‍ പ്രതിമ റോഡരികില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ജനുവരിയില്‍ പ്രതിമയുടെ അരയ്ക്ക് മുകളിലുള്ള ഭാഗം അക്രമികള്‍ തകര്‍ത്തിരുന്നു. പിന്നീട് നഗരസഭ കേടുപാട് തീര്‍ത്ത് പുന:സ്ഥാപിച്ചതായിരുന്നു.

പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 2016 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന് ശേഷമാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ദേശീയ ടീമിനോട് വിടചൊല്ലിയ മെസിയെ തിരിച്ചുകൊണ്ടു വരുന്നതിനായുള്ള പ്രചരണത്തിന്റെ ഭാഗമായാണ് പ്രതിമ നിര്‍മിച്ചിരുന്നത്.