ന്യൂഡല്‍ഹി: അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. വക്കീല്‍ ഫീസിന് നിയന്ത്രണം കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിഭാഷകര്‍ കേസുനടത്തുന്നതിന് വലിയ ഫീസ് ആവശ്യപ്പെടുന്നത് കാരണം പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ ആദര്‍ശ് കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിര്‍ദേശം. സുപ്രീം കോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷന് റിപ്പോര്‍ട്ടുകളും ചാണ്ടിക്കാട്ടിയാണ്
അഭിഭാഷക ജോലി നീതിപൂര്‍വ്വമാക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതി അഭിപ്രായപ്പെട്ടത്. പണമില്ലാത്തതിനാല്‍ മികച്ച അഭിഭാഷകരില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. കോടതി നല്കുന്ന ധനസഹായത്തിന്റെ വിഹിതം അഭിഭാഷകര്‍ ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഇത്തരം നടപടികള്‍ നിലനില്ക്കുമ്പോള് നീതി എങ്ങനെ സംരക്ഷിക്കപ്പെടുമെന്നും കോടതി ചോദിച്ചു. നീതിന്യായ സംവിധാനത്തില്‍ അഭിഭാഷക ജോലിക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് പറഞ്ഞ കോടതി ലോ കമ്മീഷന് അഭിഭാഷകരുടെ മേഖലയില്‍ നിയന്ത്രണ സംവിധാനം വേണമെന്ന നിര്‍ദ്ദേശം വെച്ചതും കോടതി ഓര്‍മ്മിപ്പിച്ചു.