സംസ്ഥാന സമ്മേളനത്തിനു അരങ്ങൊരുങ്ങുന്നു; കേരളാ കോണ്‍ഗ്രസ് ഇടത്തോട്ടോ വലത്തോട്ടോ?

0
86

 

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാനസമ്മേളനത്തിനു അരങ്ങൊരുങ്ങുന്നു. ഈ മാസം 14, 15,16 തീയതികളില്‍ കോട്ടയത്താണ് സമ്മേളനം നടക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലാണ് സംസ്ഥാന സമ്മേളനത്തിനു അരങ്ങൊരുങ്ങുന്നത്. ഒരു മുന്നണിയിലും കേരളാ കോണ്‍ഗ്രസ് (എം) നിലവില്‍ അംഗമല്ല.

ഇടതുമുന്നണിയിലും വലതുമുന്നണിയിലും ഇല്ലാതിരുന്നിട്ടും സംസ്ഥാന സമ്മേളനം പാര്‍ട്ടിയുടെ ശക്തിപ്രകടനം ആക്കി മാറ്റാനാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. പാര്‍ട്ടി തിരഞ്ഞെടുപ്പും സംസ്ഥാന സമ്മേളനവും രണ്ടായി തന്നെയാണ് നടക്കുന്നത് എന്നതിനാല്‍ പുതിയ പാര്‍ട്ടി നേതൃത്വം സംസ്ഥാനസമ്മേളന വേളയില്‍ ചുമതലയേല്‍ക്കില്ല.

പക്ഷെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഈ സംസ്ഥാന സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിച്ചേക്കും. കേരളാ കോണ്‍ഗ്രസ് ഇടത്തോട്ടോ, വലത്തോട്ടോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന കാര്യം. ഒരു മുന്നണിയിലും തുടരാതെ കേരളാ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ കഴിയുമെന്നു പാര്‍ട്ടി നേതാക്കള്‍ക്ക് തന്നെ ഉറപ്പില്ല.

മാണിയ്ക്കും കൂട്ടര്‍ക്കും ഏതെങ്കിലും ഒരു മുന്നണിയിലേയ്ക്ക് ചാഞ്ഞേ മതിയാകൂ. അത് ഇടതോ വലതോ എന്നാണു ചോദ്യം. ”ഏതു മുന്നണി എന്ന കാര്യത്തില്‍ ഒരു തീരുമാനവും കേരളാ കോണ്‍ഗ്രസ് എടുത്തിട്ടില്ല. ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ട ഘട്ടമായി എന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടില്ല. മുന്നണി പ്രവേശനമൊന്നും
പാര്‍ട്ടിക്കകത്ത് ചര്‍ച്ചയ്ക്ക്‌ വന്നിട്ടില്ല”- പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി 24 കേരളയോട് പറഞ്ഞു.

ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ് കേരളാ കോണ്‍ഗ്രസ് നടത്തുന്നത്. തീര്‍ച്ചയായും പാര്‍ട്ടിയുടെ വലിയ ശക്തി പ്രകടനമായി സംസ്ഥാന സമ്മേളനം മാറും-ജോസഫ് എം പുതുശ്ശേരി പറഞ്ഞു. വളരെ സന്ദിഗ്ദ ഘട്ടത്തിലാണ് പാര്‍ട്ടി സമ്മേളനം കടന്നുവരുന്നത് എന്ന് പുതുശ്ശേരിയുടെ വാക്കുകള്‍ തന്നെ വെളിവാക്കുന്നു.

കേരള കോണ്‍ഗ്രസിന് വീണ്ടും യുഡിഎഫിലേയ്ക്ക് പോകാന്‍ കഴിയുമോ എന്നതാണ് മറ്റൊരു ചോദ്യം.
കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ഇല്ലാതാക്കിയ ബാര്‍ക്കോഴ ആരോപണം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ് എന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അടക്കമുള്ള പാര്‍ട്ടി നേതൃത്വം തന്നെ കരുതുന്ന അവസ്ഥയില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും യുഡിഎഫിലേക്ക് നീങ്ങാന്‍ പ്രയാസമാണ്.

പിന്നെ നീങ്ങേണ്ടത് ഇടത് മുന്നണിയിലേക്കാണ്. സിപിഎം കേരളാ കോണ്‍ഗ്രസ് എമ്മിന് വാതില്‍ തുറന്നു കാത്തിരിക്കുകയാണ്. ബാര്‍ക്കോഴ പ്രശ്നം വലിയ ഒരു തടസമായി സിപിഎം കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനു അരങ്ങൊരുന്നതും രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനും പോകുന്നത്. ബാര്‍ക്കോഴയ്ക്ക് ശേഷം കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ബന്ധം ഉലഞ്ഞത് കോട്ടയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്.

കോണ്‍ഗ്രസും-കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കേണ്ടതായിരുന്നു. അതുപ്രകാരം സണ്ണി പാമ്പാടിയെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെ കേരളാ കോണ്‍ഗ്രസ് ഈതീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരികെ നേടുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു.

ഇതോടെയാണ് കേരളാ കോണ്‍ഗ്രസുമായി ഇനി ധാരണ വേണ്ടാ എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാന്‍ അണിയറയില്‍ ഇരുന്നു ചരട് വലിച്ചത് ജോസ് കെ.മാണി ആണെന്നാണ്‌ സൂചന. ഇപ്പോള്‍ ഇടത് സഖ്യത്തിനു വേണ്ടി കുട പിടിക്കുന്നതും ജോസ് കെ മാണി തന്നെ. അതുകൊണ്ട് തന്നെയാണ് കേരളാ കോണ്‍ഗ്രസ് (എം)ഇടത് പക്ഷത്തേക്ക് ചായുകയാണ് എന്ന സൂചന നല്‍കുന്നത്.

പക്ഷെ യുഡിഎഫ് ബന്ധം ഒഴിവാക്കി ഇടത് പക്ഷത്തേക്ക് പാര്‍ട്ടി നീങ്ങുകയാണെങ്കില്‍ പി.ജെ.ജോസഫിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പ് ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ യുഡിഎഫ് വിടാന്‍ ഒരുക്കമല്ലാ എന്ന നിലപാടാണ് ജോസഫ് പ്രകടിപ്പിക്കുന്നത്. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകളിലൂടെ കേരളാ കോണ്‍ഗ്രസ് കടന്നു പോകുമ്പോഴാണ് പിജെ ജോസഫ് തൊടുപുഴയിലെ യുഡിഎഫ് രാപ്പകല്‍ സമര വേദിയിലെത്തിയത്.

ഇത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയെ അമ്പരപ്പിച്ച നിലപാടായിരുന്നു. ഒരു പിളര്‍പ്പ് പക്ഷെ ഇപ്പോഴും കേരളാ കോണ്‍ഗ്രസ് മുന്‍പില്‍ കാണുന്നു. ഇപ്പോഴും കേരളാ കോണ്‍ഗ്രസ് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

സംഘടനാപരമായ വെല്ലുവിളികള്‍ പാര്‍ട്ടി നേരിടുന്നുണ്ട്. പാര്ട്ടിക്കകത്തെ പ്രശ്നങ്ങള്‍ സൂചിപ്പിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. സംസ്ഥാന സമ്മേളനം കഴിഞ്ഞുമാത്രമേ ജില്ലാ സമ്മേളനം കഴിയൂ. ഈ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ചെങ്കോല്‍ ജോസ് കെ മാണി എംപിയുടെ കയ്യിലേക്ക് നീങ്ങുമോ എന്നും നേതാക്കള്‍ ഉറ്റുനോക്കുന്നുണ്ട്.