ഇന്ത്യന്‍ ഡ്രോണ്‍ അതിര്‍ത്തി കടന്നതായി ചൈനയുടെ ആരോപണം

0
22


ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ഡ്രോണ്‍ (ആളില്ലാ വിമാനം) അതിക്രമിച്ചു കടന്നതായി ചൈനയുടെ ആരോപണം. ഈ ഡ്രോണ്‍ പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ ഈ നീക്കം ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു. ചൈനീസ് സൈന്യം ഉചിതമായ നടപടി സ്വീകരിച്ചതായും ഡ്രോണ്‍ തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്ലി വ്യക്തമാക്കി.

നേരത്തെ ഡോക് ലാമില്‍ ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഇരു രാജ്യങ്ങളും മേഖലയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു.