ഓഖി:എട്ടാം ദിവസവും തിരച്ചില്‍ തുടരുന്നു; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

0
34

തിരുവനന്തപുരം: ഓഖിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ സംയുക്ത സേന എട്ടാം ദിവസവും തുടരുകയാണ്. അതേസമയം, തിരച്ചിലിനിടെ ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 35 ആയി. ആലപ്പുഴ പുറങ്കടലില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയ മൃതദേഹം ഉച്ചയോടെ അഴീക്കല്‍ തീരത്തെത്തിക്കും. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ തീരസേന കണ്ടെത്തിയത്.

നാവിക സേനയുടെ 12 കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തെരച്ചില്‍ സംഘങ്ങളും കേരള- ലക്ഷദ്വീപ് തീരത്തുണ്ട്. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ അഞ്ച് ബോട്ടുകളും നാവികസേനയുടെ നാല് ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെയാണ് തിരച്ചില്‍ നടത്തുന്നത്.

കടലില്‍ പെട്ട 36 പേരെ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ കരയ്ക്കെത്തിച്ചിരുന്നു. ആളില്ലാതെ ഒഴുകി നടന്ന നാല് ബോട്ടുകള്‍ ബുധനാഴ്ച്ചകണ്ടെടുത്തു. ഓഖി കാരണം കടലില്‍ അകപ്പെട്ട 148 പേരെയാണ് നാവികസേന ഇതുവരെ രക്ഷപ്പെടുത്തിയത്.