പി.വി.അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടും

0
29


തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനോട് വിശദീകരണം തേടുമെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കെ നിയമലംഘനങ്ങള്‍ നടത്തിയതിനെക്കുറിച്ചുള്ള പരാതിയിലാണ് സ്പീക്കര്‍വിശദീകരണം തേടുന്നത്. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റെ പരാതിയിലാണ് നടപടി. നിയമസഭാ പരിസ്ഥിതി സമിതിയില്‍ മുല്ലക്കര രത്നാകരന്‍ അധ്യക്ഷനും പി.വി.അന്‍വര്‍ അംഗവുമാണ്. ഈ സ്ഥാനത്ത് ഇരുന്നുകൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിച്ചു എന്നാണ് പരാതി.

മലപ്പുറം കക്കാടംപൊയിലില്‍ അനുമതിയില്ലാതെ പാര്‍ക്ക് നിര്‍മിക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തതായി പി.വി.അന്‍വറിനെതിരായി ആരോപണമുയര്‍ന്നിരുന്നു. പാര്‍ക്ക് നിര്‍മാണത്തിനായി മല ഇടിച്ചുനിരത്തുകയും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ചെക്ക് ഡാം നിര്‍മിക്കുകയും ചെയ്തതായും ആരോപണമുണ്ട്. അനുമതിയില്ലാതെ റോപ് വേ നിര്‍മിക്കുകയും കളക്ടറുടെ സ്റ്റോപ് മെമ്മോ അവഗണിച്ച് റസ്റ്റോറന്റ് നിര്‍മിക്കുകയും ചെയ്തത് സംബന്ധിച്ചും അന്‍വര്‍ അന്വേഷണം നേരിടുന്നുണ്ട്.