ന്യൂഡല്‍ഹി: ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത കുട്ടിയെ കാണാന്‍ പാക് സ്വദേശികളായ രക്ഷിതാക്കള്‍ക്ക് വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പഞ്ചാബിലെ ഫരീദ്കോട്ടില്‍ നിന്നാണ് 12 വയസുകാരനെ ബിഎസ്എഫ് പിടികൂടിയത്. ഇതേ പ്രായമുള്ള ഒരു കുട്ടിയെ പാകിസ്താനില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഷമയുടെ നടപടി.
‘ഇവിടുള്ളത് കാണാതായ അവരുടെ കുട്ടിയാണെന്ന് കണ്ട് ബോധ്യപ്പെടുന്നതിന് വിസ നല്കാന് ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് പാകിസ്താന്റെ വിശദീകരണം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ കഴിയുന്നത് സ്വന്തം കുട്ടിയാണെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ അത് സ്ഥിരീകരിക്കുന്നതിന് കുട്ടിയെ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് വിസ നല്കാന് ഇന്ത്യ ഒരുക്കമാണെന്നും’ സുഷമ ട്വിറ്ററില്‍ കുറിച്ചു.
പാകിസ്താനിലെ സിയാല്‍കോട്ടില്‍ നിന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹമദ് ഹസ്സന് എന്ന കുട്ടിയെ കുറിച്ച് പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ ആണ് വിദേശകാര്യമന്ത്രി സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഏകദേശം 12 വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയ ഫരീദ്കോട്ട് ഒബ്സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് സുഷമ മറുപടി നല്കി. 2017 മേയ് മാസത്തിലാണ് ഈ കുട്ടിയെ ബിഎസ്എഫ് സൈനികര്‍ ഇവിടെ എത്തിച്ചതെന്നും മന്ത്രി അറിയിച്ചു. കുട്ടിയുടെ പൗരത്വം സംബന്ധിച്ച് പാക് സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറയുന്ന കുട്ടി 2013ലാണ് പാകിസ്താനില്‍ നിന്ന് കാണാതായത്. ഫരീദ്കോട്ടില്‍ താമസിപ്പിച്ചിരിക്കുന്ന കുട്ടി 2017ലാണ് ഇന്ത്യയില്‍ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.