ബില്ലുകള്‍ എല്ലാം നിയമ സെക്രട്ടറിയുടെ മേശപ്പുറത്ത്; റവന്യൂ വകുപ്പ് കുഴയുന്നു

0
73

 

 

 

 

 

 

 

 


എം.മനോജ് കുമാര്‍

തിരുവനന്തപുരം: മന്ത്രി തോമസ് തോമസ് ചാണ്ടിയുടെ രാജി വൈകിയപ്പോള്‍ കാബിനെറ്റ് ബഹിഷ്‌ക്കരിച്ച് സമാന്തര കാബിനെറ്റ് കൂടി മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച മന്ത്രിയാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ആ ചന്ദ്രശേഖരന്‍ ഒരു നിയമവകുപ്പ് സെക്രട്ടറിക്ക് മുന്നില്‍ മുട്ടുകുത്തുമോ എന്നാണ് റവന്യൂമന്ത്രി-നിയമസെക്രട്ടറി പോര് അറിയുന്നവര്‍ ഉറ്റുനോക്കുന്നത്.

റവന്യൂ വകുപ്പിന് നിയമയുദ്ധം നടത്താനുള്ള പല ബില്ലിന്റെയും കരടു നിയമവകുപ്പിന്റെ കയ്യിലിരിക്കുകയാണ്. നിയമവകുപ്പ് എന്ന് പറഞ്ഞാല്‍ നിയമ സെക്രട്ടറിയുടെ കയ്യില്‍. നിയമവകുപ്പില്‍ നിന്നും ബില്ലിന്റെ കരടുകള്‍ പാസായി വന്നാല്‍ മാത്രമേ റവന്യൂ വകുപ്പിന് അനന്തര നടപടികള്‍ നടത്താന്‍ കഴിയൂ. പക്ഷെ ബില്ലുകള്‍ ഇന്നുവരും നാളെ വരും എന്ന് പറയുന്നതല്ലാതെ അനങ്ങുന്നില്ല. ഇതാണ് റവന്യൂ വകുപ്പിന്റെ പ്രശ്‌നം.

കാര്യങ്ങളുടെ പോക്ക് വ്യക്തമായി അറിയാവുന്ന റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരിട്ട് തന്നെ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിനെ വിളിച്ചു സംസാരിച്ചു. കാരണം വന്‍കിട തോട്ടം കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ആറ് ബില്ലുകളാണ് നിയമ സെക്രട്ടറിയുടെ മേശമേല്‍ ഉള്ളത്.

പത്ത് ദിവസത്തിനകം എല്ലാം ബില്ലുകളുടെയും കരട് തയ്യാര്‍ എന്നാണ് നിയമ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് നല്‍കിയ മറുപടി. ആ പത്ത് ദിവസവും കഴിഞ്ഞ് രണ്ടാഴ്ചയായി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതിന്റെ കരട് റവന്യൂ വകുപ്പ് നിയമവകുപ്പിന് നല്‍കിയിട്ട് മാസങ്ങളായി.

2008ന് മുമ്പ് നികത്തിയ നെല്‍വയലുകളില്‍ മൂന്ന് വര്‍ഷമായി കൃഷി ചെയ്യാത്ത ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനനുവദിക്കുന്നതിനെക്കുറിച്ചാണ് ഈ ബില്‍. ഇതുകൂടാതെ ഇനിയും ബില്ലുകള്‍ നിയമ സെക്രട്ടറിയുടെ മേശപ്പുറത്തുണ്ട്. ഇതുവരെ ബില്ലും വന്നില്ല കരടും വന്നില്ല.

ഈ ഘട്ടത്തിലാണ് റവന്യൂ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് തടസ്സപ്പെടുത്തുകയാണെന്ന റവന്യൂ വകുപ്പിന്റെ ആക്ഷേപം പുറത്തുവരുന്നത്. എന്നിട്ടും ബില്‍ വന്നിട്ടില്ല.

മുഖ്യമന്ത്രിയെ വരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയുന്ന മന്ത്രി എന്ന ധാരണ ഉണ്ടാക്കി മുന്നോട്ട് പോകവേയാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മുന്നില്‍ നിയമ വകുപ്പ് തടസവുമായി നില്‍ക്കുന്നത്. ബില്‍ കിട്ടാതെ റവന്യൂ വകുപ്പിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നിരിക്കെ എന്ത് ചെയ്യണമെന്ന ആലോചനകള്‍ റവന്യൂ വകുപ്പില്‍ ശക്തമാണ്.