മൂന്നാറില്‍ സിപിഐ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

0
30


തിരുവനന്തപുരം: മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ നേതാവ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ കക്ഷികളാണ്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.പ്രസാദാണ് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.

മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പടെ കൈയേറ്റം വ്യാപകമാണെന്നും കൈയേറ്റം ഒഴിപ്പിച്ച് പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ട്രൈബ്യൂണല്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമിക കൈയടക്കിയിരിക്കുന്നു.
വനം വകുപ്പിനും ഇവിടെ യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൈയേറ്റക്കാരുടെ രാഷ്ട്രീയ പിന്‍ബലം ഒഴിപ്പിക്കലിന് തടസ്സം നില്‍ക്കുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

12 പേജുള്ള ഹര്‍ജിയാണ് ഹരിത ട്രൈബ്യൂണലില്‍ നല്‍കിയിട്ടുള്ളത്. ഹര്‍ജിയെ തുടര്‍ന്ന മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ട്രൈബ്യൂണല്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ജനുവരി 12 ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം, പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്നും പാര്‍ട്ടി തന്നെ ചുമതലപെടുത്തുകയായിരുന്നെന്നും പി. പ്രസാദ് പറഞ്ഞു.