‘പടയൊരുക്ക’ത്തോടെ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോളില്‍ മടങ്ങിയെത്തിയെന്ന്‌ യുഡിഎഫ് വിലയിരുത്തല്‍

0
38

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കത്തോടെ കോണ്‍ഗ്രസ് യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോളില്‍ മടങ്ങി വന്നെന്നു ഇന്നലെത്തെ യുഡിഎഫ് യോഗത്തില്‍ വിലയിരുത്തല്‍. ഇടക്കാലത്ത് കോണ്‍ഗ്രസല്ല ബിജെപിയാണ് പ്രതിപക്ഷത്തിന്റെ റോളില്‍ ശോഭിക്കുന്നത് എന്ന ആരോപണത്തിനു പടയൊരുക്കത്തിന്റെ വിജയത്തോടെ അവസാനമായെന്നു യുഡിഎഫ് യോഗം വിലയിരുത്തി.

നിലവില്‍ ജനങ്ങള്‍ക്കിടയിലെ യുഡിഎഫ് അനുകൂല മനോഭാവം കൈമുതലാക്കി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇമേജ് മങ്ങിത്തുടങ്ങിയിരിക്കുന്നുന്നെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിത്തുടങ്ങി  എന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പടയൊരുക്കത്തിന്റെ ശോഭ കുറയ്ക്കും എന്ന് ആരോപണങ്ങള്‍ വന്നെങ്കിലും പടയൊരുക്കം കേരളത്തിലെ കോണ്‍ഗ്രസിന്റെ പടയൊരുക്കം തന്നെയായി എന്ന വിലയിരുത്തലും യുഡിഎഫ് യോഗത്തില്‍ വന്നു.

ഇടക്കാലത്ത് യുഡിഎഫില്‍ നിന്നും അകന്നുനിന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ യുഡിഎഫിലേക്ക് ശക്തമായി തിരിച്ചുവന്നിട്ടുണ്ട്.  പടയൊരുക്കത്തിന്റെ വിജയത്തിനു ഈ തിരിച്ചുവരല്‍ പ്രേരകമായി. ന്യൂനപക്ഷ സാന്നിധ്യം  പടയൊരുക്കത്തിന്റെ വിജയത്തിന്  തുണയായെന്നും യോഗം വിലയിരുത്തി.

ഓഖി കാരണം മാറ്റിവെച്ച പടയൊരുക്കത്തിന്റെ സമാപനയോഗം 14ന് വലിയ വിജയമാക്കി മാറ്റണമെന്ന്
യുഡിഎഫ് യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഈ  യോഗത്തിന്റെ വേദി യൂണിവേഴ്സിറ്റി സെന്‍ട്രല്‍ സ്‌റ്റേഡിയമാണെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് രാവിലെ രാഹുല്‍ ഗാന്ധി ‘ ഓഖി’  ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍  സന്ദര്‍ശിക്കും.