ആധുനിക യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ യുഎസ്നും റഷ്യക്കുമൊപ്പം പാരമ്പര്യം ഉള്ള രാജ്യമാണ് ഫ്രാന്‍സ്. സെര്‍ജ് ദാസള്‍ട് ( സെര്‍ജ് ബലോച് എന്നായിരിന്നു അദ്ദേഹത്തിന്റെ 1950 വരെയുള്ള പേര് ) എന്ന ഫ്രഞ്ച് എന്‍ജിനീയര്‍ ആണ് ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യുദ്ധവിമാന നിര്‍മാണത്തിനായി Société des Avions Marcel Bloch എന്ന കമ്പനി ഇരുപതുകളില്‍ ആരംഭിക്കുന്നത്. ഈ കമ്പനി ഫ്രാന്‍സിനുവേണ്ടി യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു. നാസികള്‍ ഫ്രാന്‍സ് കീഴടക്കിയപ്പോള്‍ ജര്‍മനിക്കുവേണ്ടി യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ വിസമ്മതിച്ച ദാസള്ട്നെ അവര്‍ നാസി തടവറകളില്‍ അടച്ചു ഭീകരമായി മര്‍ദിച്ചു. എന്നിട്ടും വഴങ്ങാതിരുന്ന ദാസള്‍ട് ജീവച്ഛവമായിട്ടാണ് നാസികളുടെ പരാജയത്തിനുശേഷം തടവറക്കു പുറത്തു വന്നത്. മാസങ്ങള്‍ മാത്രമേ ആയുസ്സ് പ്രവചിക്കപ്പെട്ടുള്ളുവെങ്കിലും സെര്‍ജ് ദാസള്‍ട് അത്ഭുതകരമായി രക്ഷപ്പെടുകയും താന്‍ നിര്‍മിച്ച യുദ്ധവിമാന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. എല്ലാ ആധുനിക ഫ്രഞ്ച് പോര്‍വിമാനങ്ങളും സെര്‍ജ് ദാസള്‍ട് ഇന്റെ പണിപ്പുരകളില്‍ നിന്നാണ് ഉയര്‍ന്നു വന്നത്.
അമ്പതുകളില്‍ മിറാഷ് ( Mirage) സീരീസിലുള്ള യുദ്ധവിമാനങ്ങളുടെ നിര്മാണത്തോടെയാണ് ദസാള്‍ട്ടും ഫിനാന്‍സും യുദ്ധവിമാന നിര്‍മാണത്തിന്റെ മുന്‍നിരയില്‍ എത്തുന്നത്. എണ്‍പതുകളുടെ മധ്യത്തില്‍ രംഗത്തിറക്കിയ മിറാഷ്-3 ഏത് യുഎസ്, റഷ്യന്‍ യുദ്ധവിമാനത്തിനും കിടനില്ക്കുന്നതായിരുന്നു. അറുപതുകളില്‍ നിര്‍മിച്ച മിറാഷ് F1 ,മിറാഷ് F2 തുടങ്ങിയ പോര്‍വിമാനങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. എഴുപതുകളില്‍ നിലവില്‍വന്ന മിറാഷ് 2000 നാലാം തലമുറ പോര്‍വിമാനങ്ങളില്‍ തല ഉയര്ത്തിനില്ക്കുന്ന ഒന്നാണ്. എണ്‍പതുകളുടെ ആദ്യം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയ ഈ വിമാനം അതിന്റെ പ്രഹര ശേഷികൊണ്ടും വിശ്വാസ്യതകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. കാര്ഗില്യുദ്ധത്തില് നമ്മുടെ വ്യോമസേനയില്‍ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന സ്ഥാനം മിറാഷിനു ലഭിച്ചു. നമ്മുടെ വ്യോമസേനയില്‍ അന്‍പതോളം മിറാഷ് 2000 നാലാം തലമുറ പോര്‍വിമാനങ്ങള്‍ ഉണ്ട് നിരന്തരമായ സാങ്കേതിക പരിഷ്കരണങ്ങളിലൂടെ അവ ഇനിയും രണ്ടു ദശാബ്ദമെങ്കിലും നമ്മുടെ വ്യോമസേനയില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
എണ്‍പതുകളില്‍ യുഎസില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് യൂറോപ്പിലും അഞ്ചാം തലമുറ പ്രത്യേകതകളുള്ള ഒരു യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിനുള്ള രൂപരേഖകള്‍ തയാറാവുന്നത്. പക്ഷെ യൂറോപ്യന്‍ പദ്ധതികള്‍ പെട്ടന്ന് തന്നെ പ്രശ്നങ്ങളില്‍പ്പെട്ടു ഫ്രഞ്ച് ആശയങ്ങളും മറ്റുരാജ്യങ്ങളുടെ നിലപാടുകളും കടകവിരുദ്ധമായിരുന്നു. ഒരു യൂറോപ്യന്‍ പോര്‍വിമാന പദ്ധതിയില്‍ തങ്ങള്‍ക്കു വലിയ പങ്കുണ്ടാവില്ല എന്ന് മനസ്സിലാക്കിയ ഫ്രാന്‍സ് 1985 ല്‍ യൂറോപ്യന്‍ പോര്‍വിമാന പദ്ധതിയില്‍ നിന്നും പിന്മാറി, സ്വന്തം പദ്ധതിക്ക് തുടക്കം കുറിച്ചു. ആ പദ്ധതിയില്‍ നിന്നുമാണ് റഫാല്‍ ഉരുത്തിരിയുന്നത്. യൂറോപ്യന്‍ പദ്ധതിയില്‍ നിന്നും യൂറോഫൈറ്റര്‍ ടൈഫൂണും ജന്മമെടുത്തു.
ഒരഞ്ചാം തലമുറ പോര്വിമാനമല്ലെങ്കിലും മിക്ക അഞ്ചാം തലമുറ സവിശേഷതകളും റഫാലിനുണ്ട്. റഫാലിന്റെ റഡാര്‍ ക്രോസ്സ് സെക്ഷന്‍ സാധാരണ നാലാം തലമുറ പോര്‍വിമാനങ്ങളെക്കാള്‍ വളരെ കുറവാണ്. അഞ്ചാം തലമുറ സവിശേഷതയായ സൂപ്പര്‍ ക്രൂയിസിങ് കഴിവും റഫാലിനുണ്ട്. AESA റഡാര്‍ ഘടിപ്പിച്ച റഫാലിന്റെ പിന്നീടിറങ്ങിയ പതിപ്പുകള്‍ നാലാം തലമുറ പോര് വിമാനങ്ങളെക്കാള്‍ കൂടുതല്‍ സാമ്യം പുലര്‍ത്തുന്നത് അഞ്ചാം തലമുറ പോര് വിമാനങ്ങളോടാണ്. ഇപ്പോള്‍ അവയെ സാധാരണയായി 4++ എന്ന തലമുറയിലാണ് ഉള്‍പ്പെടുത്തുന്നത്. അഞ്ചാം തലമുറ കഴിവുകള്‍ സന്നിവേശിക്കപ്പെട്ട നാലാം തലമുറ പോര്‍വിമാനങ്ങളാണ് 4++ എന്ന തലമുറയില്‍ പെടുന്നത്. റഫാലിില് ഉപയോഗിക്കപ്പെടുന്ന മിക്ക ആയുധങ്ങളും റഫാലിന് വേണ്ടി തന്നെ നിര്‍മിച്ചവയാണ്. മുഖ്യമായും കോംപോസിറ്റ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചതാണ് റഫാലിന്റെ സ്ട്രക്ചര്‍. അതിനാല്‍ തന്നെ പതിനായിരം കിലോഗ്രാം അടിസ്ഥാന ഭാരവും നാലായിരത്തി അഞ്ഞൂറ് കിലോഗ്രാം ഇന്ധനവാഹക ശേഷിയുമുള്ള റാഫാലിനു അടിസ്ഥാന ഭാരത്തിനു സമാനമായ അളവ് ആയുധങ്ങള്‍ വഹിക്കാനാവും. റഫാലിന്റെ വിമാനവാഹിനികളിലെ പതിപ്പായ റാഫേല്‍ -M ഫ്രഞ്ച് വിമാന വാഹിനിയില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. റഫാലിന്റെ എതിരാളിയായി നിര്‍മിക്കപ്പെട്ട യൂറോഫൈറ്റര്‍ ടൈഫൂണിന് ഇത്തരം ഒരു പതിപ്പില്ല. ഒരു വിമാനവാഹിനി ഇപ്പോള്‍ തന്നെ പ്രവര്‍ത്തിപ്പിക്കുകയും രണ്ടു വിമാനവാഹിനികള്‍ നിര്‍മാണത്തിലിരിക്കുകയും ചെയുന്ന ഇന്ത്യക്ക് ഈ രീതിയിലും റാഫേല്‍ ഒരു മുതല്‍ക്കൂട്ടാണ്. ഇപ്പോള്‍ നമ്മുടെ വിമാന വാഹിനിയായ വിക്രമാദിത്യയില്‍ മിഗ്-29K കളാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ആധുനികവും യുദ്ധസജ്ജവുമായ റഫാലുകളെ നമ്മുടെ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനികളില്‍ വിന്യസിക്കാനായാല് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നുഴഞ്ഞു കയറി അശാന്തി വിതക്കാനുളള ഴെങ് ഹി യുടെ പിന്‍ഗാമികളുടെ കുതന്ത്രങ്ങള്‍ക്ക് തടയിടാനും നമുക്ക് കഴിയും.