റവന്യൂ വകുപ്പില്‍ ഭരണസ്തംഭനം; നിയമ വകുപ്പ് ബില്ലുകള്‍ മന:പൂര്‍വം വൈകിക്കുന്നുവെന്ന് ആരോപണം 

0
49

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബില്ലുകള്‍ വൈകുന്നത് മൂലം റവന്യൂ വകുപ്പില്‍ ഭരണസ്തംഭനം. നിയമ വകുപ്പ് ബില്ലുകള്‍ മന:പൂര്‍വം വൈകിക്കുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ ആരോപണം. എല്ലാ ബില്ലുകളും നിയമവും കോടതിയുമായി കൂടിക്കുഴയുമ്പോള്‍ വെട്ടിലാകുന്നത് റവന്യൂ വകുപ്പാണ്.

നെല്‍വയല്‍ നികത്തല്‍ നിയമഭേദഗതി ചെയ്യാനുള്ള ബില്‍ നിയമവകുപ്പിന്റെ പരിഗണനയില്‍ ഇരിക്കുകയായിരുന്നു. നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകള്‍ ഹൈക്കോടതിയിലുണ്ട്. കേസുകള്‍ പരിഗണനയ്ക്ക് എടുക്കുമ്പോള്‍ ഹൈക്കോടതി റവന്യൂ വകുപ്പിനെ കുടയും,  ബില്ലിന്റെ പേരില്‍. അപ്പോള്‍ ബില്‍ നിയമഭേദഗതിക്ക് അയച്ചിട്ടുണ്ടെന്നു മറുപടി നല്‍കി റവന്യൂ വകുപ്പ് തത്ക്കാലം പിടിച്ചുനില്‍ക്കും. ഇതേ കേസ് ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞു ഹൈക്കോടതി പരിഗണിക്കുമ്പോള്‍ റവന്യൂ വകുപ്പിന് പറയാനുള്ള മറുപടി നിയമവകുപ്പില്‍ നിന്നും ബില്‍ വന്നില്ലാ എന്നാണ്. ഈ മറുപടി ഹൈക്കോടതി അംഗീകരിക്കില്ല. ഈ ബില്‍ നിയമവകുപ്പിന് നല്‍കി മാസങ്ങള്‍ കഴിഞ്ഞതാണ്.

2008 ന് മുമ്പ് നികത്തിയ നെൽവയലുകളിൽ മൂന്ന് വര്‍ഷമായി
കൃഷി ചെയ്യാത്ത ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌
ഈ ബിൽ. അതുപോലെ വാടക നിയന്ത്രണ ഭേദഗതി ബില്‍ ആണ് മറ്റൊന്ന്. നിയമപരിഷ്കാര കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ആറിലധികം വകുപ്പുകൾ ഭേദഗതി ചെയ്യുന്ന പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളോട് ചര്‍ച്ച നടത്തിയാണ് ഈ ബില്‍ തയ്യാറാക്കിയത്.

അതുപോലെ ഭൂപരിഷ്ക്കരണ നിയമ ഭേദഗതി ബില്‍ ഉണ്ട്. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ബില്‍ ആണിത്. മുന്‍പ് തോട്ടഭൂമി പിന്നീട് അങ്ങിനെ അല്ലാതായി. ഈ ഭൂമി കഷണങ്ങളായി മുന്‍ ഉടമകള്‍ മറിച്ചുവിറ്റിട്ടുണ്ട്. ആ ഭൂമി വിറ്റാല്‍ നടപടി വരുന്നത് ഭൂമി വിറ്റവര്‍ക്ക് മാത്രമാണ്. ആ നിയമത്തില്‍ ഭേദഗതി വരുത്തി ഭൂമി വാങ്ങുന്നവര്‍ക്ക് കൂടി ഈ നിയമം ബാധകമാക്കുന്ന ബില്‍ ആണിത്. ഇത്  നിയമവകുപ്പിന്റെ പരിഗണനയിലാണ്.

ഇപ്പോള്‍ നടപടി നേരിടുന്നത് ഭൂമി വിറ്റവര്‍ മാത്രമാണ്. ആ ബില്‍ നിയമമായാല്‍ ഭൂമി വാങ്ങാന്‍ ആളുകള്‍ മടിക്കും. കാരണം നിയമനടപടി നേരിടേണ്ടി  വരും. സ്വകാര്യ ഭൂമി ഇപ്പോള്‍ മറ്റു വ്യക്തികള്‍ കയ്യേറുന്ന രീതി വ്യാപകമാണ്. ഉടമകള്‍ തിരിച്ചുവരുമ്പോള്‍ ആ ഭൂമിയില്‍ കയ്യേറ്റം നടന്നിരിക്കും. പിന്നെ ഉടമകള്‍ക്ക് ചെയ്യാവുന്നത് സിവില്‍ കോടതിയില്‍ കേസിന് പോവുക എന്നതാണ്.

കേസിന് പോകുമ്പോള്‍ വിധി വരാന്‍ വര്‍ഷങ്ങള്‍ പലത്‌ കഴിയും. ഇതൊഴിവാക്കി സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ നേരിടുന്ന നിയമം ഈ രീതിയില്‍ ഭൂമി കയ്യേറുന്നവര്‍ക്ക് കൂടി ബാധകമാക്കുന്ന ബില്ലാണ്‌ കേരള ലാന്റ് ഗ്രാബ്ബിംഗ് പ്രൊഹിബിഷന്‍ ബില്‍. അതും നിയമവകുപ്പിന്റെ പരിഗണനയിലാണ്.

മിനറല്‍സ് ആന്റ് മെറ്റല്‍സ്‌ വെസ്റ്റിംഗ് ബില്‍ ഉണ്ട്. ഭൂമിയിലെ ധാതുക്കള്‍ക്ക് സര്‍ക്കാരിനു അധികാരം നല്‍കുന്ന ബില്‍ ആണിത്. ഈ നിയമം തിരുവിതാംകൂറില്‍ ബാധകമാണ്. അതേസമയം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബാധകമല്ല. തിരുവിതാംകൂറില്‍ മാത്രമുള്ള ഈ നിയമം കേരളമാകെ വ്യാപിപ്പിക്കേണ്ടതുണ്ട്.  ഇങ്ങിനെ നിയമ വകുപ്പിന്റെ കൈയ്യിലിരിക്കുന്ന ബില്ലുകളെല്ലാം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ബില്ലുകളാണ്.

നിയമവകുപ്പിൽ സാധാരണ സ്പെഷ്യൽ സെക്രട്ടറിയാണ് നിയമനിർമാണത്തിന്റെ ചുമതല വഹിക്കുന്നത്. എന്നാൽ ബില്ലുകൾ വൈകിപ്പിക്കാനായി എല്ലാ ബില്ലുകളും നിയമ സെക്രട്ടറി കൈയടക്കിവച്ചിരിക്കുകയാണെന്നും റവന്യൂ വകുപ്പിന് പരാതിയുണ്ട്.