വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത് കോണ്‍ഗ്രസുകാരെന്ന് കോടിയേരി

0
25


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് മുഖ്യന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓഖി ദുരന്തത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്നും വിഴിഞ്ഞത്ത് പ്രതിഷേധവുമായെത്തിയത് മത്സ്യത്തൊഴിലാളികളല്ലെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

ഓഖി ദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചപ്രവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കള്‍ ഏര്‍പ്പെട്ടതായും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞത് കോണ്‍ഗ്രസുകാരാണെന്നും മാധ്യമങ്ങള്‍ ഇതിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായി ചിത്രീകരിക്കുകയായിരുന്നു എന്നും കോടിയേരി പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേരളത്തോട് കാണിക്കരുത്. തമിഴ്നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ ഇവിടത്തെ മുഖ്യമന്ത്രിയോട് ആരായാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഉചിതമായില്ല. ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുന്നതറിഞ്ഞ് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി അതിനേക്കാല്‍ വലിയ ദുരിതം നേരിട്ട കേരളത്തിന്റെ കാര്യത്തില്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും കോടിയേരി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

കടലില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംഭവമാണ് കേരളത്തിലേത്. 2,664 മത്സ്യത്തൊഴിലാളികളെയാണ് ഇതിനോടകം തന്നെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന നല്‍കുന്ന രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related News

‘എനിക്കറിയില്ലായിരുന്നു അത് മുഖ്യമന്ത്രിയുടെ കാറാണെന്ന് ‘