ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; 83 കോടിയുടെ റെക്കോര്‍ഡ് നടവരവ്

0
92


പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് വന്‍ ഭക്തജന തിരക്കാണ് അനുഭവപെടുന്നത്. അടുത്ത രണ്ട് ദിവസങ്ങളും അവധി ആയതിനാല്‍ തിരക്ക് കൂടാനാണ് സാധ്യത.പമ്പയിലും നിലയ്ക്കലിലും വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

അതിനിടെ, ശബരിമലയിലെ നടവരവ് 83 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 21 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ റെക്കോര്‍ഡ് നടവരവാണ് രേഖപെടുത്തിയത്. 830,019,791 രൂപയാണ് നടവരവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 കോടി രൂപക്ക് അടുത്തായിരുന്ന നടവരവ്. ഏറ്റവും കൂടുതല്‍ വരുമാനം അരവണയില്‍ നിന്നാണ് 36 കോടി. കാണിക്കയിനത്തില്‍ 29 കോടി ലഭിച്ചപ്പോള്‍ അര്‍ച്ചനയടക്കമുള്ള മറ്റ് വഴിപാട് ഇനത്തിലും ഗണ്യമായ വര്‍ധനവുണ്ട്.

അതേസമയം, പൊലീസിന്റെ പുതിയ ബാച്ച് സന്നിധാനത്ത് സുരക്ഷാ ചുമതല ഏറ്റെടുത്തു. 18 ഡിവൈഎസ്.പിമാരുടെ നേതൃത്വത്തില്‍ 1800 ഓളം പൊലീസുകാരാണ് സന്നിധാനത്തുള്ളത്. ഇതിനൊപ്പം ദ്രുതകര്‍മ്മ സേനയും, ദുരന്തനിവാരണ സേനയും പൊലീസ് കമാന്‍ഡോ വിഭാഗവും സുരക്ഷാ ചുമതലക്കായുണ്ട്.