ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ത്തു

0
93

കൊച്ചി: ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തിവന്നിരുന്ന റിലേ സമരം ഒത്തുതീര്‍ത്തു. സമരത്തിന്റെ ആറാം ദിവസമായ ഇന്ന് ജില്ലാ കളക്ടര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഓഖി ദുരിതം വിതച്ച് ചെല്ലാനം കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കടല്‍ഭിത്തി നിര്‍മാണം ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ കളക്ടര്‍ ഉറപ്പ് നല്‍കി.

Related image

ചെല്ലാനത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച് ധനസഹായം നല്‍കാനും 3 ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും സമരക്കാര്‍ പറഞ്ഞു.

കൊച്ചിയില്‍ ഓഖി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് ചെല്ലാനം മേഖലയിലായിരുന്നു. ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോഴും ചെല്ലാനം നിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ട അവസ്ഥയാണുള്ളത്. പുലിമുട്ടും കടല്‍ ഭിത്തിയും ഇല്ലാത്തതാണ് ഇവിടെ ദുരന്ത വ്യാപ്തി ഇരട്ടിയാക്കുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധം ആരംഭിച്ചത്.