നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാദിയയെ കാണാന്‍ ഷെഫിനെത്തി

0
72


സേലം: നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെത്തി. സേലത്തെ കോളേജിലെത്തിയാണ് ഷെഫിന്‍ ഹാദിയയെ കണ്ടത്. കോളേജ് ക്യാമ്പസിനകത്തുള്ള സിസിടിവിയോടുകൂടിയ സന്ദര്‍ശക മുറിയില്‍വെച്ച് അധ്യാപകരുടെ അനുമതിയോടെയായിരുന്നു ഹാദിയ ഷെഫിനെ കണ്ടത്. ഇരുവരും 45 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. തന്റെ അഭിഭാഷകനോടൊപ്പമാണ് ഷെഫിന്‍ സേലത്ത് എത്തിയത്.

ക്യാമ്പസില്‍ വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളേജ് ഡീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ അനുമതിയോടെ ഹാദിയക്ക് ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെ ആരെയും കാണാവുന്നതാണെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയിരുന്നു.

അതേസമയം മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സുഹൃത്തിന്റെ ഫോണിലൂടെയാണ് ഹാദിയ മാതാപിതാക്കളുമായി ബന്ധപ്പെടുന്നത്. സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനായി 25-കാരിയായ ഹാദിയക്ക് സുപ്രീം കോടതി വിധി പ്രകാരം പ്രവേശനം നല്‍കിയത്.