
ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് ഹൊമായി വ്യരവല്ലയെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍. 1913ല്‍ ഗുജറാത്തില്‍ ജനിച്ച ഹൊമായി വ്യരവല്ല മുംബൈയില്‍ ബിരുദപഠനത്തിന് ശേഷം ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്തു. 1938-70 കാലഘട്ടങ്ങളില്‍ വ്യരവല്ല എടുത്ത ചിത്രങ്ങള്‍ അവരെ പ്രശസ്തയാക്കി. സ്വാതന്ത്ര്യാനന്തരം ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തുന്നതും, മഹാത്മഗാന്ധിയുടെ മരണവും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രാവിനെ പറത്തുന്നതുമായ നിരവധി കാന്‍ഡിഡ് ചിത്രങ്ങള്‍ അവരുടെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തി.
കോളജ് പഠനകാലത്ത് മുംബൈയിലെ സാധാരണ ജനജീവിതം പകര്‍ത്തി കൊണ്ടാണ് ഫോട്ടോഗ്രഫിയിലേക്ക് വ്യരവല്ലയുടെ കടന്നുവരവ്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഇല്ലുസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയില്‍ അവരെടുത്ത ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകള്‍ പിന്നീട് ജനപ്രീതിയാര്‍ജിച്ചു. ‘ഡാല്‍ഡ 13’എന്ന തൂലികാനാമത്തിലാണ് വ്യരവല്ല അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
1941ല്‍ വിവാഹിതയായ ഹൊമായി വ്യരവല്ല തന്റെ ഭര്‍ത്താവില്‍ നിന്നാണ് ഫോട്ടോഗ്രഫി പഠിച്ചത്. 1969ല്‍ ഭര്‍ത്താവ് മരിച്ചു പോയ അവര്‍ ഫോട്ടോഗ്രഫി ഉപേക്ഷിക്കുകയായിരുന്നു. ശേഷ ജീവിതം വഡോദരയില്‍ ചിലവഴിച്ച വ്യരവല്ലയുടെ ഏകമകന് ഫറൂഖ് 1982ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.
2010ല്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മന്ത്രാലയം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും 2011ല്‍ പദ്മവിഭൂഷനും നല്കി രാജ്യം അവരെ ആദരിച്ചു.