‘ടേക്ക് ഓഫ് ഇത്രമാത്രം പ്രശസ്തി തരുമെന്ന് കരുതിയില്ല’

0
99

 

ലക്ഷ്മി

ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ ബാലതാരം എറിക് സക്കറിയയുമായി അഭിമുഖം

എറിക് അഭിനയിച്ച ആദ്യത്തെ സിനിമ ഏതായിരുന്നു?

ആഗസ്ത് ക്ലബ് ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. അതില്‍ മുരളി ഗോപി അങ്കിളിന്റെ മകനായിട്ടായിരുന്നു അഭിനയിച്ചത്. അതിനുശേഷം പന്ത്രണ്ടോളം സിനിമകളിലും ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചു. അതിനുശേഷമാണ് ‘ടേക്ക് ഓഫ്’ എന്ന സിനിമയില്‍ അഭിനയിച്ചത്.

‘ടേക്ക് ഓഫ് ‘ അനുഭവം എങ്ങിനെയായിരുന്നു?

മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി അഭിനയ സാധ്യതയുള്ള വേഷമായിരുന്നു ടേക്ക് ഓഫിലേത്. നന്നായി ചെയ്യാന്‍ പറ്റി.

കുഞ്ചാക്കോ ബോബനും പാര്‍വതിയ്ക്കും ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം?

ടേക്ക് ഓഫിന് മുമ്പും ഞാന്‍ ചാക്കോച്ചന്‍ അങ്കിളിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘വിശുദ്ധന്‍’ എന്ന സിനിമയില്‍. ആ ചിത്രം എഡിറ്റ് ചെയ്തത് മഹേഷ് അങ്കിളായിരുന്നു. അന്നുമുതലേ എന്നെ അവര്‍ക്കറിയാം. എന്നാല്‍ പാര്‍വതി ചേച്ചിയുടെ കൂടെ ആദ്യമായിട്ടായിരുന്നു അഭിനയിക്കുന്നത്. ചേച്ചി വളരെ ഫ്രണ്ട്‌ലി ആയിരുന്നു. ഒരുപാട് സപ്പോര്‍ട്ടീവ് ആയിരുന്നു. പല കാര്യങ്ങളിലും സഹായിച്ചു. പാര്‍വതി ചേച്ചിയുമായിട്ടായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍.

ടേക്ക് ഓഫിന് ശേഷം ഒരുപാട് ആരാധകരുണ്ടോ?

ടേക്ക് ഓഫില്‍ അഭിനയിച്ചതോടെ എന്നെ ഒരുപാട് പേര്‍ അറിഞ്ഞുതുടങ്ങി. ഞാന്‍ കുറേക്കൂടി പ്രശസ്തനായി. അത് തീര്‍ച്ചയായിട്ടും സന്തോഷമുള്ള കാര്യമാണ്. പലരും ചോദിച്ചു ഇതാണോ എന്റെ ആദ്യ സിനിമയെന്ന്. എന്റെ ചേച്ചി ബേബി എസ്തറിന്റെ കാര്യവും ഇതുപോലെത്തന്നെയായിരുന്നു. ‘ദൃശ്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് കുറെ സിനിമകളില്‍ ചേച്ചി അഭിനയിച്ചിരുന്നെങ്കിലും ചേച്ചിയെ കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയത് ദൃശ്യത്തിലൂടെയായിരുന്നു.

എത്രാം ക്ലാസിലാണ് പഠിക്കുന്നത്? ടേക്ക് ഓഫിന് ശേഷം കൂട്ടുകാരുടെയൊക്കെ പ്രതികരണമെന്താണ്?

ഞാനിപ്പോള്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ വയനാട്ടിലെ ഒരു സ്‌കൂളിലായിരുന്നു പഠിച്ചത്. ഇപ്പോള്‍ കൊച്ചിയിലെ സ്‌കൂളിലേയ്ക്ക് മാറി. ടേക്ക് ഓഫിന് മുമ്പും പിമ്പും കൂട്ടുകാരൊന്നും എന്നെ ഒരു സിനിമാതാരം എന്ന നിലയില്‍ കണ്ടിട്ടില്ല. വയനാട്ടിലാകുമ്പോള്‍ അവിടുത്തെ സ്‌കൂളിലെ കൂട്ടുകാര്‍ നോട്ട്‌സ് എല്ലാം എഴുതിത്തരുമായിരുന്നു. അധ്യാപകരും എന്നെ താരമായി കണ്ടിട്ടില്ല. പഠനകാര്യത്തില്‍ അവര്‍ ഒരുപാട് സപ്പോര്‍ട്ടീവ് ആണ്.

ടേക്ക് ഓഫ് ഇത്രമാത്രം പ്രശസ്തി തരുമെന്ന് കരുതിയിരുന്നോ?

ഒരിക്കലുമില്ല. എനിക്ക് തന്ന റോള്‍ ഞാന്‍ ചെയ്തു, തിരിച്ചുപോന്നു എന്നുള്ളല്ലാതെ സിനിമ ഇത്രയും വലിയ ഹിറ്റ് ആകുമെന്നോ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിനും മഹേഷ് അങ്കിളിനും ഒരുപാട് നന്ദി.

അടുത്ത സിനിമ ഏതാണ്?

പൃഥ്വിരാജ് അങ്കിളിനൊപ്പം അഭിനയിച്ച ‘വിമാനം’ ഈ ഡിസംബര്‍ 22ന് റിലീസാകും. എന്റെ അഭിനയം കണ്ട് പൃഥ്വിരാജ് അങ്കിള്‍ അഭിനന്ദിച്ചു. വളരെ ഫ്രണ്ട്‌ലി ആയിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ടോ?

മമ്മൂട്ടി അങ്കിളിനൊപ്പം ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും എനിക്ക് അത്രയൊന്നും അഭിനയിക്കാന്‍ ഉണ്ടായിരുന്നില്ല.

ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടിയായി പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവരെ വിളിച്ചിരുന്നോ?

ഞാന്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇനി നേരിട്ട് കാണുമ്പോള്‍ കണ്‍ഗ്രാജുലേറ്റ് ചെയ്യണം.

ഐഎഫ്എഫ്‌കെയില്‍ ഇതിന് മുമ്പ് വന്നിട്ടുണ്ടോ?

ഇല്ല. ഞാന്‍ ആദ്യമായിട്ടാണ് ഐഎഫ്എഫ്‌കെയില്‍ വരുന്നത്. എന്റെ ഒരു സുഹൃത്ത് ഇതിനുമുമ്പ് ഇവിടെ വന്നിട്ടുണ്ട്. അവന്‍ പറഞ്ഞിട്ട് കാര്യങ്ങള്‍ അറിയാം. ഇവിടെ വന്നപ്പോള്‍ ഇതൊരു സംഭവമാണെന്ന് മനസിലായി.

ചേച്ചിയുമായിട്ടെങ്ങനെ? വഴക്കൊക്കെ ഉണ്ടാക്കാറുണ്ടോ? ചേച്ചിക്കൊപ്പം അഭിനയിച്ചിട്ടുണ്ടോ?

ചേച്ചിയുമായിട്ട് വീട്ടില്‍ വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്. അത് സ്വാഭാവികം. പിന്നെ ഞങ്ങള്‍ ‘ആഗസ്ത് ക്ലബ്’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അച്ഛനും അമ്മയും നല്ല പിന്തുണ തരുന്നുണ്ടോ?

അവര്‍ വളരെ സപ്പോര്‍ട്ടീവ് ആണ്.

Related Articles

ഇപ്പോഴും ‘ദൃശ്യ’ത്തിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷം: എസ്തര്‍ അനില്‍