തിരുവനന്തപുരം: പന്ത്രണ്ടാം ദിവസവും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇനി കേരളത്തില്‍ നിന്ന് കാണാതായ 146 പേരെ കണ്ടെത്താനുണ്ടെന്ന് റവന്യൂ വകുപ്പ് പുറത്തുവിട്ട പുതിയ കണക്കില്‍ വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 13 പേരെയും കണ്ടെത്താനുണ്ട്. ഇതുവരെ 38 പേര് മരിച്ചുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരണം. മരിച്ച പതിനാല് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്.
അതിനിടെ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തും.
ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് രാജ്ഭവന് മാര്‍ച്ച്. ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുക, മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക, കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 10 മണിയോടെ പാളയത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസെപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന്റെ ഭാഗമായി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
അതേസമയം ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികള്‍ കൂടി തീരത്തെത്തി. ലക്ഷദ്വീപില്‍ നിന്ന് ഏഴ് ബോട്ടുകളിലായാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും ചുഴലിക്കാറ്റില്‍പ്പെട്ട് ലക്ഷദ്വീപില്‍ അഭയം തേടിയ തമിഴ്നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരില്‍ 26 മലയാളികളും ഉള്‍പ്പെടുന്നു.