കുറിഞ്ഞി ഉദ്യാനം: നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി

0
30

മൂന്നാര്‍: മൂന്നാറിലെ കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍നിര്‍ണയത്തെ തുടര്‍ന്നുള്ള
മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. കൊട്ടക്കമ്പൂരും വട്ടവടയും അടക്കമുള്ള മേഖലകള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കും ആവശ്യമായ രേഖകള്‍ കൈവശമുള്ളവര്‍ക്കും ആശങ്കകള്‍ വേണ്ടെന്നു പറഞ്ഞ മന്ത്രി ഉദ്യാനത്തിന്റെ സംരക്ഷണവും ജനങ്ങളുടെ ആശങ്ക അകറ്റുന്നതുമാണ് പ്രധാന ഉത്തരവാദിത്തമെന്നും വ്യക്തമാക്കി. പ്രദേശത്തെ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും സ്ഥലത്തിന്റെ പ്രത്യേകത മനസിലാക്കാനും ധാരണയുണ്ടാക്കാനുമാണ് സന്ദര്‍ശനമെന്നും ഇതുസംബന്ധിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കയ്യേറ്റക്കാരെന്ന പേരില്‍ കുറിഞ്ഞി ഉദ്യാന മേഖലയില്‍ നിന്ന് കര്‍ഷകരെ ഇറക്കിവിടരുതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എ.കുര്യന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം റവന്യൂ മന്ത്രിയെ അറിയിച്ചതായും സി.എ.കുര്യന്‍ വ്യക്തമാക്കി.