കേരളത്തില്‍ എസ്ബിഐയുടെ നൂറോളം ശാഖകള്‍ പൂട്ടുന്നു

0
37


തിരുവനന്തപുരം: എസ്ബിഐ-എസ്ബിടി ലയനത്തിന്റെ തുടര്‍ച്ചയെന്നോണം കേരളത്തില്‍ എസ്ബിഐയുടെ നൂറോളം ശാഖകള്‍ പൂട്ടുന്നു. ഇതിനകം 44 എണ്ണം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍ ഉടന്‍ പൂട്ടും. ലയനത്തോടെ 197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

ഏപ്രിലോടെ എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായപ്പോള്‍ തന്നെ ശാഖകള്‍ 200-ഓളം ശാഖകള്‍ പൂട്ടുമെന്ന് പറഞ്ഞിരുന്നെ എതിര്‍പ്പ് ഭയന്ന് അന്ന് ശാഖകള്‍ പൂട്ടിയിരുന്നില്ല. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്.

ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേക്ക് മാറ്റും. ജീവനക്കാരെയും പുനര്‍വിന്യസിക്കും. രണ്ടു ശാഖകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍, നിലനിര്‍ത്തുന്ന ശാഖയില്‍ സ്ഥലസൗകര്യമില്ലെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റും. പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്.

ഇത്തരത്തില്‍ നൂറിലേറെ ശാഖകളാണ് സംസ്ഥാനത്താകെ നിര്‍ത്തലാക്കാന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 44 എണ്ണം തൊട്ടടുത്ത ശാഖകളില്‍ ലയിപ്പിച്ചുകഴിഞ്ഞു. ശാഖ പൂട്ടിയാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്ന ശാഖയില്‍ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാട് തുടരാമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.