ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

0
30

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വാദം നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിവച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ കസ്തൂരി അയ്യരും ശിവദാസനും ഇതിനായി അപേക്ഷ നല്‍കിയിരുന്നു.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസം സമയം വേണമെന്നായിരുന്നു കസ്തൂരി അയ്യരുടെ ആവശ്യം. അഭിഭാഷകന് വ്യക്തിപരമായ അസൗകര്യങ്ങളുള്ള സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മൂന്നാഴ്ച നീട്ടിവയ്ക്കണമെന്നായിരുന്നു മൂന്നാം പ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍.ശിവദാസന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ കാര്യം കസ്തൂരി അയ്യരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി കേസ് മാറ്റിവച്ചത്.

തങ്ങളെ മാത്രം കുറ്റക്കാരെന്ന് കണ്ടെത്തിയ ഹെക്കോടതി വിധിക്കെതിരെയാണ് കസ്തൂരി അയ്യരും ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ്, വൈദ്യുതി ബോര്‍ഡ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.