സൈന്യം ആവശ്യപ്പെട്ടിട്ടും മിന്നലാക്രമണം നടത്താന്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടിയില്ലെന്ന് മോദി

0
38


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തണമെന്ന ആശയവുമായി സൈന്യം അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി നവ്ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്‍മോഹന്‍ സിങിനെ വിമര്‍ശിച്ചത്.

മുബൈ ഭീകരാക്രമണം നടന്നയുടന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിന്നലാക്രമണം എന്ന ആശയവുമായി അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിച്ചില്ല. കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രണത്തിന് തിരിച്ചടിയായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ തന്റെ സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കവെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ തന്റെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചു നടത്തിയ ആക്രമണത്തില്‍ ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. അതിലൂടെ പാകിസ്ഥാന് കനത്ത പ്രഹരം ഏല്‍പിക്കാനായി. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെയും മോദി പ്രസംഗത്തിനിടെ വിമര്‍ശിച്ചു. ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും മോദി ചോദിച്ചു.