സ്ത്രീപക്ഷത്തുനിന്ന് സിനിമയെ അവതരിപ്പിച്ച കെ.പി.കുമാരന്‍

0
69

ഡോ.പി.എസ്.രാധാകൃഷ്ണന്‍

കെ.പി.കുമാരന്റെ ചലച്ചിത്രകാലം മലയാളത്തിലെ സിനിമാതരംഗവുമായി ബന്ധപ്പെപ്പെട്ടിരിക്കന്നു. സിനിമയുടെ ഭാഗമാകും മുമ്പുതന്നെ അദ്ദേഹം നാടകത്തിൽ സജീവമായിരുന്നു. രംഗഭാഷയുമായി ഉണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ ചലച്ചിത്രാഖ്യാനങ്ങളിലേക്കും സംക്രമിചിട്ടുണ്ട്. നാടകത്തിന്റെയും ചിത്രഭാഷയുടെയും ക്രിയാത്മകമായ മേളനമായിരുന്നു കെ.പി.കുമാരന്റെ കാര്യത്തിൽ സംഭവിച്ചത്. തന്റെ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയമായ നിലപാടുകളും സിനിമയിലും തുടർന്നുവെന്നതാണ് സത്യം.

സ്ത്രീപക്ഷത്തുനിന്ന് സിനിമയെ അവതരിപ്പിക്കാനുള്ള താല്പര്യം യാദൃശ്ചികമായിരുന്നില്ല. ‘സ്വയംവര’ത്തിന്റെ തിരക്കഥാരചനയിൽ കുമാരനും സഹകരിച്ചിട്ടുണ്ട്. റോക്ക് (1972) എന്ന ഹ്രസ്വചിത്രത്തോടെയാണ് കെ.പി. കുമാരന്‍ ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മുഴുനീള കഥാചിത്രമാണ് അതിഥി (1975) . തന്റെ തന്നെ നാടകത്തിന്റെ ചലച്ചിത്രഭാഷ്യം ആയിരുന്നു അതിഥി.

അതിഥി (1973)യിലെ കാത്തിരിപ്പിലും വീടു വിട്ടുള്ള യാത്രയിലും യാഥാര്‍ത്ഥ്യം കൂടുതല്‍ പരുഷമാവുകയാണ്. അതിഥിയിലെ രമണി തന്‍റെ വാസഗൃഹം വിട്ടിറങ്ങുന്നതിന് പ്രതീകാത്മകമായ പശ്ചാത്തലമുണ്ട്. ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്ന പരമകാരുണികമായ അതിഥി ഓരോരുത്തരുടെയും സങ്കല്പനിര്‍മിതി മാത്രമാണ്. ഈയൊരു തിരിച്ചറിവാണ് രമണിയുടെ പെണ്‍മയെ പുനര്‍നിര്‍വ്വചിക്കുന്നത്. പ്രതീക്ഷകളില്‍ മാത്രം ജീവിക്കുന്ന അതിഥിയുടെ ആന്തരീകരണം തത്ത്വത്തില്‍ സംഭവിക്കുന്നത് രമണിയിലാണ്. യാഥാര്‍ത്ഥ്യത്തിന്‍റെയും വിഭ്രാമകതയുടെയും വിപരീതങ്ങള്‍ രമണിയിലാണ് സന്ധിക്കുന്നത്. ഗാര്‍ഹികാന്തരീക്ഷത്തിനു പുറത്ത് തന്‍റെ തൃഷ്ണകള്‍ പിന്തുടരുന്ന സത്രീത്വത്തിന്‍റെ വിമോചനകാംക്ഷകള്‍ അതിഥിയിലുണ്ട്.

തുടർന്ന് ലക്ഷമീവിജയം (1976), തേൻതുള്ളി (1978), കാട്ടിലെ പാട്ട് (1982), നേരം പുലരുമ്പോൾ (1986), രുക്മിണി (1988), ആകാശഗോപുരം (2008) തുടങ്ങി ഒൻപതു സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.

സ്ത്രീ കഥാപാത്രങ്ങളുടെ മനോബലം, കാമനകൾ, സ്വാതന്ത്ര്യബോധം, അതിജീവനശേഷി, സ്വാശ്രയത്വം എന്നിവ മുഖ്യപ്രമേയമായി ചലച്ചിത്രജീവിതത്തിൽ ഉടനീളം കെ.പി.കുമാരൻ നിലനിർത്തി. നാടകീയതയുടെ സൂക്ഷ്മസന്നിവേശവും സാമൂഹികബന്ധങ്ങളിലെ സങ്കീർണതകളും തന്റെ സിനിമകളിൽ ഉടനീളം നിലനിർത്താൻ കെ.പി.കുമാരനു കഴിഞ്ഞു.