കേരളാ വെറ്റിനറി സര്‍വകലാശാല നിയമനങ്ങള്‍ വിവാദമാകുന്നു; ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയത് 485 താത്കാലിക ജീവനക്കാരെ

0
35

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളാ വെറ്റിനറി സര്‍വകലാശാലയിലെ നിയമനങ്ങള്‍ വിവാദമാകുന്നു. സര്‍വകലാശാലയില്‍ ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയത് 485 ഓളം താത്കാലിക ജീവനക്കാരെ. സര്‍ക്കാര്‍ തീര്‍ത്തും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കെയാണ് അധിക ബാധ്യതയായി പുതിയ നിയമനങ്ങള്‍.

ഇപ്പോള്‍ കേരളാ വെറ്റിനറി സര്‍വകലാശാലയില്‍ സ്ഥിരപ്പെടുത്തിയത് 485 ഓളം താത്കാലിക ജീവനക്കാരെയാണ്. ജിഎസ്ടി നടപ്പില്‍ വരുത്തിയതോടെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്നും ശമ്പളവും പെന്‍ഷനും നല്‍കുന്നതിനു തന്നെ സര്‍ക്കാര്‍ ക്ലേശിക്കുകയാണെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞതിനുപിന്നാലെയാണ്‌ വെറ്ററിനറി സര്‍വകലാശാലയിലെ വഴിവിട്ട നിയമനവും നടക്കുന്നത്.

ഒന്നരക്കോടി രൂപയോളം രൂപ സര്‍ക്കാരിനു അധിക ബാധ്യത വരുന്നതാണ് ഈ തീരുമാനം. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാല നീക്കം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കെ തന്നെയാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കവുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത്.

എന്നാല്‍ നിയമന നീക്കത്തെ ന്യായീകരിച്ചാണ് എസ്റ്റാബ്ലിഷ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സി. കെ. ശശീന്ദ്രന്‍ എംഎല്‍എ 24 കേരളയോടു സംസാരിച്ചത്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മറ്റിക്ക് മുന്‍പാകെ വന്നിരുന്നു. കമ്മറ്റി ചര്‍ച്ച ചെയ്താണ് 485 ഓളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. അനധികൃത നിയമനം അല്ല ഇത്. നിയമാനുസൃതമായ നിയമനം തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്നവര്‍ ആണിത്. ഇവരെ സ്ഥിരപ്പെടുത്തെണ്ട ആവശ്യമുണ്ട്. അതുകൊണ്ടാണ്. എസ്റ്റാബ്ലിഷ്‌മെന്റ് കമ്മറ്റി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

അഞ്ചും പത്തും വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ജീവനക്കാരാണ് ഇവര്‍. ഇതില്‍ രാഷ്ട്രീയ പക്ഷപാതം ഒന്നുമില്ല. എല്ലാ പാര്‍ട്ടികളില്‍പ്പെട്ട ജീവനക്കാരും ഇതിലുണ്ട്. ഞങ്ങള്‍ ഭരണത്തില്‍ വരുന്നതിനു മുന്‍പുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവനക്കാരാണ് ഇവര്‍ – സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.