കൊച്ചി: ജിഷ വധക്കേസിലെ വിധി നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന് അഡ്വ.ബി.എ.ആളൂര്‍. നീതി നിഷേധക്കപ്പെട്ടുവെന്നും ആളൂര്‍ പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാര്‍ഹനായത്.
കുറ്റക്കാരനെന്ന് തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ വാദിക്കുമെന്നും അഡ്വ.ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി വിധി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു ആളൂര്‍. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.
വിധി കേള്‍ക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.