എംപി സ്ഥാനത്തുനിന്ന്‌  അയോഗ്യരാക്കിയ നടപടിക്കെതിരെ ശരദ് യാദവ് സുപ്രീം കോടതിയിലേക്ക് 

0
41
എം മനോജ്‌ കുമാര്‍ 
  തിരുവനന്തപുരം: ജെഡിയുവിന്റെ ദേശീയ തലത്തിലെ പിളര്‍പ്പ്  സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നീങ്ങുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക ജെഡിയുവായി നിതീഷ് കുമാര്‍ പക്ഷത്തിനെ അംഗീകരിച്ച നടപടിയാണ് വിവിധ പ്രശ്നങ്ങളില്‍ കോടതി കയറുന്നത്.
ശരദ് യാദവിനെയും, അന്‍വര്‍ അലിയെയും രാജ്യസഭയില്‍ അയോഗ്യരാക്കിയ  നിതീഷ്കുമാറിന്റെ  നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണ് ശരദ് യാദവും അന്‍വര്‍ അലിയും ഒരുങ്ങുന്നത്. തങ്ങളെ ഇരുവരെയും രാജ്യസഭാ അധ്യക്ഷന്‍ അയോഗ്യരാക്കിയത് സ്റ്റേ ചെയ്യണം എന്നാണ് ശരദ് യാദവ് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്.
കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്‌. ഈ അവകാശം വിനിയോഗിക്കാനാണ് തീരുമാനം. കൂറുമാറ്റ നിരോധന നിയമം വ്യത്യസ്ത അഭിപ്രായമുള്ളവരെ അടിച്ചമര്‍ത്താനുള്ള നിയമമായി ഉപയോഗിക്കരുത്. ശരദ് യാദവ് ആവശ്യപ്പെടുന്നു.
മഹാസഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പോയപ്പോള്‍ അതിനെ വിമര്‍ശിച്ച് സ്വന്തം നിലപാട് കൈക്കൊണ്ടതാണ് തങ്ങളുടെ പേരിലുള്ള  കുറ്റം. ഇതൊരു കുറ്റമല്ല. ഇപ്പോഴത്തെ അനീതി അത് അംഗീകരിക്കാന്‍ കഴിയില്ല. കോടതിയില്‍ പോകാനുള്ള തീരുമാനം അതാണെന്ന് ശരദ് യാദവ് പക്ഷം ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയില്‍ ശരദ് യാദവിനെയും അന്‍വര്‍ അലിയേയും   അയോഗ്യരാക്കാനുള്ള നീക്കത്തിന് നിതീഷ്കുമാറിന് അവസരം നല്‍കിയത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയാണ്. ഔദ്യോഗിക പക്ഷമായി അംഗീകരിച്ച് ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത് നിതീഷ് കുമാറിനാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക ജെഡിയുവായി പ്രഖ്യാപിച്ചതോടെ നിതീഷ്കുമാറിന്റെ  ആദ്യ നടപടി ശരദ് യാദവിനെയും അന്‍വര്‍ അലിയെയും അയോഗ്യരാക്കി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളില്‍ കടുത്ത അമര്‍ഷമുള്ള ശരദ് യാദവ് ഈ തീരുമാനം ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ശരദ് യാദവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡല്‍ഹി ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ പക്ഷത്തിനെ ഔദ്യോഗിക ജെഡിയുവായി അംഗീകരിച്ച നടപടിയില്‍ വിശദീകരണം നല്‍കാനാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. നിതീഷ് കുമാറിനെ നിയമക്കുരുക്കില്‍ അകപ്പെടുത്താനാണ് നിലവിലെ ശരദ് യാദവ്  പക്ഷ നീക്കം.
” പാര്‍ട്ടിയാണ് വലുത്. സാമാജികരല്ല. സാമാജികരെ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടിയെയായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കിലെടുക്കേണ്ടത്.” ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്  24 കേരളയോട്  പറഞ്ഞു.
ജെഡിയു ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തത് ശരദ് യാദവാണ്. നിതീഷ്കുമാറിന്റെ പാര്‍ട്ടി സമതാ പാര്‍ട്ടിയായിരുന്നു. ഈ സമതാ പാര്‍ട്ടിയെ ജെഡിയുവില്‍ ലയിപ്പിക്കുകയാണ് നിതീഷ് കുമാര്‍ ചെയ്തത്. രണ്ടാമതായി ശരദ് യാദവ് ചൂണ്ടിക്കാട്ടുന്നത് നിയമസഭാ സാമാജികര്‍-പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ പിന്തുണ നോക്കിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനു അംഗീകാരം നല്‍കിയത് എന്നാണ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ രീതി തെറ്റാണ് എന്നാണ് ശരദ് യാദവ് പക്ഷം ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയാണ് നിയമസഭാ സാമാജികരെ സൃഷ്ടിക്കുന്നത്. പാര്‍ട്ടിയില്ലെങ്കില്‍ ഇവര്‍ ഇല്ല. ആ രീതിയില്‍ സമാജികര്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത് പാര്‍ട്ടിക്കാണ്. പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായി ശരദ് യാദവിന്റെ കയ്യിലായിരുന്നു. ആ പാര്‍ട്ടിയെ അംഗീകരിക്കാതെ, സാമാജികരുടെ പിന്തുണ മാത്രം നോക്കിയാണ് ശരദ് യാദവിന്റെ പാര്‍ട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയത്. ഇത് അനീതിയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
20 സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ ശരദ് യാദവിന്റെ കൂടെയാണ്. ദേശീയ സമിതിയംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയും ശരദ് യാദവിനൊപ്പമാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണ്ണമായി പരിശോധിച്ചില്ല. ഇതാണ് ശരദ് യാദവ് പക്ഷം ചൂണ്ടിക്കാട്ടുന്നത്. ദേശീയ തലത്തിലെ പിളര്‍പ്പ് കോടതി കയറുന്നതോടെ നിതീഷ് കുമാറിന് മുന്നില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
സഭാ സാമാജികരെക്കാളും വലുത് പാര്‍ട്ടിയാണ്. പാര്‍ട്ടി വലുതായതിനാലാണ് നിയമനിര്‍മ്മാണ സഭകളിലേക്ക് അംഗങ്ങളെ അയക്കാന്‍ കഴിയുന്നത്. അപ്പോള്‍ പാര്‍ട്ടിയാണ് വലുത്. പിളര്‍പ്പ് വരുമ്പോള്‍ സഭാ സാമാജികരെയല്ല, കണക്കിലെടുക്കേണ്ടത് പാര്‍ട്ടിയെയാണ്.  ഈ രണ്ടും വാദങ്ങളും ദേശീയ തലത്തിലെ പിളര്‍പ്പ് അടിസ്ഥാനമാക്കി നിയമപ്പോരാട്ടത്തിനു ഒരുങ്ങുമ്പോള്‍ തങ്ങളെ തുണയ്ക്കുമെന്നാണ് ജെഡിയു ശരദ് യാദവ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍. നിയമപോരാട്ടത്തില്‍ വിജയിക്കുകയാണെങ്കില്‍ വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയാകും നിതീഷ്കുമാറിന് തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടേണ്ടി വരിക.