മോദി അഴിമതി എന്ന വാക്ക് പറയുന്നത് അവസാനിപ്പിച്ചു: രാഹുല്‍ ഗാന്ധി

0
32


അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ പരസ്പരം ആഞ്ഞടിച്ച് ബിജെപിയും കോണ്‍ഗ്രസും. മോദി അഴിമതി എന്ന വാക്ക് പറയുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദിയിക്കെതിരെയുള്ള രാഹുലിന്റെ പരിഹാസം.

റാഫേല്‍ വിമാന ഇടപാടും അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വന്നതോടെ നരേന്ദ്ര മോദി അഴിമതിയെക്കുറിച്ച് സംസാരിക്കാതെയായെന്ന് രാഹുല്‍ പറഞ്ഞു. മോദി ജലവിമാന യാത്ര നടത്തിയതില്‍ തെറ്റില്ല. എന്നല്‍ ഇത് പ്രധാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്നും കഴിഞ്ഞ 22 വര്‍ഷം ഗുജറാത്തില്‍ ബിജെപി എന്ത് ചെയ്തുവെന്നതാണ് ഉയരുന്ന ചോദ്യമെന്നും രാഹുല്‍ പറഞ്ഞു.

മോദിയ്ക്കെതിരായ മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ അത്തരം നടപടികള്‍ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ബിജെപി കൂടുതല്‍ കരുത്തുകാട്ടും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷച്ചതിലും അശക്തരായ ബിജെപി തന്നെ ഞെട്ടിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് ഗുജറാത്തില്‍ മോദിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഗുജറാത്ത് പൊലീസ് ഇരുവര്‍ക്കും റാലി നടത്താന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സബര്‍മതി നദിയിലൂടെയുള്ള ജലവിമാന യാത്രയിലൂടെ അത് മറികടക്കുകയായിരുന്നു നരേന്ദ്ര മോദി.

അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും.