ബെയ്ജിങ്: സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ 62നില കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. സാഹസിക താരമായ ചൈനീസ് സൂപ്പര്മാന് എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസ പ്രകടനത്തിനിടെ വീണുമരിച്ചത്.
ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ നിന്നുള്ള അഭ്യാസപ്രകടനങ്ങളുടെ വീഡിയോകളിലൂടെ ഏറെ പ്രശസ്തനാണ് വൂ. നവംബര്‍ എട്ടിനായിരുന്നു സംഭവം. ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ 62നില കെട്ടിടത്തിനു മുകളില്‍ നിന്നാണ് അഭ്യാസത്തിനിടെ വൂ വീണത്. കെട്ടിടത്തിനു മുകളില്‍നിന്ന് വു വീഴുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞമാസം മുതല്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് വൂയുടെ കാമുകി സാമൂഹിക മാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.
അമ്മയുടെ ചികിത്സയ്ക്കും അടുത്ത് നടക്കാനിരിക്കുന്ന ഒരു വിവാഹത്തിനും പണം കണ്ടെത്താനായാണ് ഒമ്പത് ലക്ഷത്തിലധികം സമ്മാനത്തുക വാഗ്ദാനം ചെയ്ത റൂഫ് ടോപ്പിങ് ചാലഞ്ചില്‍ വൂ പങ്കെടുത്തതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.