തിരുവനന്തപുരം : ആറാം ദിവസമായ ഇന്ന് മത്സര വിഭാഗത്തിലെയും ലോകസിനിമ വിഭാഗത്തിലെയും പല ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാകും. ലോക സിനിമാ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഡോഗ്സ് ആന്‍ഡ് ഫൂള്‍സ്, സമ്മര്‍ 1993, ദ യങ് കാള്‍ മാര്‍ക്സ്, 120 ബിപിഎം, കുപാല്‍, വുഡ് പെക്കേഴ്സ്, ഗുഡ് മാനേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമായിരിക്കും ഇന്ന്. മത്സര വിഭാഗത്തിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളായ കാന്‍ഡലേറിയ, റിട്ടേണീ എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്നാണ്.
എഴുപത് കഴിഞ്ഞ കാന്‍ഡലേറിയയും ഭര്‍ത്താവും തമ്മിലുള്ള പ്രണയവും പരസ്പര ബന്ധത്തിന്റെ ആഴവും ചിത്രീകരിക്കുന്ന സ്പാനിഷ് ചിത്രമാണ് കാന്‍ഡലേറിയ. അതിജീവനത്തിന്റെ അനിവാര്യതയില്‍ മനുഷ്യര്‍ എങ്ങനെ പൊരുത്തപ്പെടാന്‍ പഠിക്കുന്നു എന്നതാണ് റിട്ടേണീയുടെ പ്രമേയം.
വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഹോമേജ് വിഭാഗത്തിലെ പല ചിത്രങ്ങളുടെയും ഒരേയൊരു പ്രദര്‍ശനവും ഇന്നാണ്. മത്സര വിഭാഗത്തില്‍ രണ്ടുപേര്‍ എന്ന ചിത്രവും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ കറുത്ത ജൂതന്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേക്ക് ഓഫ് എന്നിവയും ഹോമേജ് വിഭാഗത്തില്‍ സ്വരൂപം, മൃഗയ, ആയിരത്തില്‍ ഒരുവന് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
അവള്‍ക്കൊപ്പം വിഭാഗത്തില്‍ ദേശാടനക്കിളി കരയാറില്ല, റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ തോറ്റം എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ടേക്ക് ഓഫ്, രണ്ടുപേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഒരു പ്രദര്‍ശനം കൂടിയുണ്ട്.