ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

0
24


മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് കല്‍വരി പധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎന്‍എസ് കല്‍വരിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കാണ് എക്കാലവും ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കടല്‍വഴിയുള്ള ഭീകരവാദമോ, കടല്‍ക്കൊള്ളയോ കള്ളക്കടത്തോ ആകട്ടെ, ഇത്തരം ഭീഷണികളെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും മോദി പറഞ്ഞു.

ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ്. ആണ് സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി നിര്‍മാണത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നത്. ഡീസല്‍ ഇലക്ട്രിക് എന്‍ജിന്‍ കരുത്തുപകരുന്നവയാണ് ഇവ. 2005-ലാണ് ഇതുസംബന്ധിച്ച് 23,600 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്.

നിലവില്‍ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണുള്ളത്. കടലിനടിയില്‍ നിന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാതെ അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് കല്‍വരി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനിയുടെ വരവ്. ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്.

ഇന്ത്യന്‍ നാവികസേന 1967 ഡിസംബര്‍ എട്ടിന് റഷ്യയില്‍നിന്ന് വാങ്ങിയ ആദ്യ മുങ്ങിക്കപ്പലിന്റെ പേരും കല്‍വരിയെന്നായിരുന്നു. 30 വര്‍ഷത്തെ സേവനത്തിനുശേഷം 1996 മെയിലാണ് ഇത് പിന്‍വലിച്ചത്.

ins arihat
ഐഎന്‍എസ് കല്‍വരി
നീളം 61.7 മീറ്റര്‍. ഭാരം 1565 ടണ്‍. കടലിന്നടിയില്‍ 20 നോട്ടിക്കല്‍മൈല്‍ വേഗം(മണിക്കൂറില്‍ 37 കിലോമീറ്റര്‍) ജലോപരിതലത്തില്‍ 12 നോട്ടിക്കല്‍മൈല്‍ വേഗം( മണിക്കൂറില്‍ 22 കിലോമീറ്റര്‍). കടലില്‍ 1150 അടി ആഴത്തില്‍ സഞ്ചരിക്കും. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ കഴിയും. 40 ദിവസത്തോളം കടലിനടിയില്‍ കഴിയാന്‍ സാധിക്കും. ശത്രുവിന്റെ നിരീക്ഷണ സംവിധാനത്തെ കബളിപ്പിക്കാനുള്ള സാമര്‍ഥ്യം. കൂടാതെ കുറഞ്ഞ ശബ്ദത്തിലുള്ള എന്‍ജിന്‍ പ്രവര്‍ത്തനം.