തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച വിധിയാണ് കോടതി പ്രസ്താവിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണം. ഒരു ചരമക്കോളത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന സംഭവം കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി മാറ്റിയത് ഇടതുപക്ഷമായിരുന്നെന്നും കോടിയേരി പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പബ്ലിക് പ്രോസിക്യൂട്ടറുടെ മികവും വിധിക്ക് കാരണമായി. പിണറായി വിജയന് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ മികവ് കൂടി ഈ വിധിയിലൂടെ വ്യക്തമാവുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
അന്ന് ഭരണത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ കേസിനെ ഗൗരവപരമായി പരിഗണിക്കാന്‍ പോലും തയാറായില്ല. ജിഷ കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും യു.ഡി. എഫ് സര്‍ക്കാര്‍ അതിനൊന്നും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ തന്നെ എ ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കേസന്വേഷണത്തിന് നിയോഗിച്ചു. ഈ അന്വേഷണ സംഘം പഴുതടച്ചുള്ള അന്വേഷണം നടത്തിയതിലൂടെയാണ് കുറ്റവാളിയെ കണ്ടെത്താനും ഈ ശിക്ഷ ലഭ്യമാക്കാനും സാധിച്ചത്. അന്വേഷണ സംഘം അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.